
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ദിവസം ദർശനം നടത്തിയ സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെയും ഗായിക അമൃത സുരേഷിന്റെയും ചിത്രങ്ങൾ വൈറലാവുകയാണ്. കനത്ത വെയിലിൽ ചുട്ടുപൊള്ളിയ പടിക്കെട്ടിൽ നിന്നുകൊണ്ടാണ് ഇരുവരും ഫോട്ടോ എടുത്തത്. എന്നാൽ ചെരുപ്പിടാതിരുന്ന അമൃതയുടെ കാലുകൾ പൊള്ളുന്നുണ്ടായിരുന്നു. ഇതിന് പരിഹാരമായി സ്വന്തം കാലിൽ കിടന്ന ഷൂസ് ഊരിക്കൊടുക്കുകയായിരുന്നു ഗോപി സുന്ദർ. ഈ ഷൂസിന് മുകളിൽ നിന്നാണ് അമൃത ഗോപി സുന്ദറിനൊപ്പം നിന്ന് ഫോട്ടോ എടുത്തത്. ഗോപി സുന്ദറിന്റെ പ്രവൃത്തിക്ക് നിരവധി അഭിനന്ദനങ്ങളാണ് ഇരുവരുടെയും സമൂഹമാദ്ധ്യമം വഴി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം നിശാഗന്ധിയിൽ സംഗീത പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും പ്രസിദ്ധമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്.
കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ച് ഗുരുവായൂരിൽ തൊഴാനെത്തിയതും ചർച്ചയായിരുന്നു. അമൃതയുടെ മകൾ പാപ്പുവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഗോപിസുന്ദറിന്റെ പിറന്നാൾ ദിനത്തിന്റെ പിറ്റേന്നായിരുന്നു ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഇരുവരും ഗുരുവായൂരിലെത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.