
മുംബയ്: സാനിട്ടറി പാഡ് കൈയിൽ എപ്പോഴും കരുതുന്നത് പോലെ ഇനി മുതൽ പെൺകുട്ടികൾ കോണ്ടവും എപ്പോഴും ബാഗിൽ സൂക്ഷിക്കണമെന്നും ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാൻ സാധിക്കില്ലെന്നും ബോളിവുഡ് അഭിനേത്രി നുഷ്രത്ത് ബറൂച്ച. തന്റെ പുതിയ ചിത്രമായ ജൻഹിത് മേ ജാരിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നുഷ്രത്ത് ഇങ്ങനെ പറഞ്ഞത്.
പുരുഷന്മാർക്ക് കോണ്ടം ഒരിക്കൽ ഉപയോഗിച്ചില്ല എന്ന് വച്ച് പ്രത്യേകിച്ച് ദോഷമൊന്നും വരാൻ പോകുന്നില്ലെന്നും എന്നാൽ സ്ത്രീകളുടെ കാര്യം അങ്ങനെയല്ലെന്ന് നുഷ്രത്ത് പറഞ്ഞു. പെൺകുട്ടി ഗർഭിണിയായാൽ അവളുടെ ശരീരത്തിൽ വലിയ ഹോർമോൺ വ്യതിയാനം സംഭവിക്കുമെന്നും ഗർഭച്ഛിദ്രം ഒരു പ്രതിവിധിയാണെങ്കിലും അത് ആരോഗ്യകരമാണോ എന്നാലോചിക്കണമെന്നും നടി അഭിപ്രായപ്പെട്ടു. ഒരിക്കൽ ഗർഭച്ഛിദ്രം ചെയ്ത പെൺകുട്ടികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും കണക്കിലെടുക്കണമെന്നും നുഷ്രത്ത് പറഞ്ഞു.
പുരുഷന്മാർക്ക് കോണ്ടം വാങ്ങാൻ താത്പര്യമില്ലെങ്കിൽ പെൺകുട്ടികൾ ഒരെണ്ണം കൈയിൽ കരുതണമെന്നും ഒരു സാനിട്ടറി പാഡ് കൈയിൽ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാൽ മതിയെന്നും നുഷ്രത്ത് പറഞ്ഞു. ഇത് പെൺകുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും അതിനാലാണ് താൻ ഇത് പറയുന്നതെന്നും നടി കൂട്ടിച്ചേർത്തു. കോണ്ടത്തിന്റെ നിരോധനത്തെയും വർദ്ധിച്ചുവരുന്ന ജനസംഖ്യയെയും അടിസ്ഥാനമാക്കിയുള്ളതാണ് നുഷ്രത്തിന്റെ പുതിയ ചിത്രമായ ജൻഹിത് മേ ജാരി