pc

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജിന് വീണ്ടും പൊലീസ് നോട്ടീസ്. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് പുതിയ നോട്ടീസ്. ഇന്നലെയാണ് പുതിയ നോട്ടീസ് ജോർജിന് പൊലീസ് നൽകിയത്. ഫോർട്ട് അസിസ്‌റ്റന്റ് കമ്മീഷണറാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മുൻപ് തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഏപ്രിൽ 29ന് ഹാജരാകണമെന്ന് കാട്ടി ജോ‌ർജിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ശാരീരിക പ്രശ്‌നമുള‌ളതിനാൽ ഹാജരാകാനാവില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയ്‌ക്ക് വേണ്ടി ജ‌ോർജ് പ്രചാരണത്തിനിറങ്ങി. എന്നാൽ ഇതിൽ പൊലീസ് നടപടിയൊന്നും എടുത്തില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് കാട്ടി പൊലീസിനെ ജോർജ് അറിയിച്ചതിനെ തുടർന്നാണ് തിങ്കളാഴ്‌ച എത്താൻ അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

വെണ്ണലയിലും തിരുവനന്തപുരത്തും പ്രസംഗിച്ചതിൽ ഖേദമില്ലെന്നും പറഞ്ഞത് കുറഞ്ഞുപോയെന്നുമായിരുന്നു തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജോർജ് പ്രസംഗിച്ചത്.ആരെയും കൊല്ലുകയോ കലാപാഹ്വാനം നടത്തുകയോ ചെയ്‌തില്ലെന്നും മുന്നിൽ കണ്ട സാമൂഹികതിന്മകളെ ചൂണ്ടിക്കാട്ടുകയാണ് ചെയ്‌തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.