
തിരുവനന്തപുരം: 15ാം നിയമസഭയിലെ കോൺഗ്രസിന്റെ ഏക എം.എൽ.എയായും പ്രതിപക്ഷത്തെ രണ്ടാമത്തെ വനിതാ എം.എൽ.എയുമായാണ് നിയമസഭയിലേക്ക് ഉമ തോമസിന്റെ കന്നിപ്രവേശനം. ഇതോടെ നിയമസഭയിൽ വനിതാ പ്രാതിനിദ്ധ്യം 12 ആകും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ. സ്ഥാനാർത്ഥികളായി മത്സരിച്ച പി.കെ. ജയലക്ഷ്മി, കെ.എ. ഷീബ, പദ്മജ വേണുഗോപാൽ, പി.ആർ. സോന, ഷാനിമോൾ ഉസ്മാൻ, അരിത ബാബു, രശ്മി.ആർ, ബിന്ദു കൃഷ്ണ, വീണ എസ്. നായർ, അൻസജിത റസൽ എന്നിവരും മുസ്ലിം ലീഗിന്റെ എക വനിത സ്ഥാനാർത്ഥി നൂർബിന റഷീദും പരാജയപ്പെട്ടിരുന്നു.
യു.ഡി.എഫ് പിന്തുണയോടെ ജയിച്ച ആർ.എം.പിയിലെ കെ.കെ. രമ മാത്രമാണ് പ്രതിപക്ഷത്തെ ഏക വനിതാ എം.എൽ.എ. എൽ.ഡി.എഫിൽ കെ.കെ. ശൈലജ, കാനത്തിൽ ജമീല, കെ. ശാന്തകുമാരി, ആർ. ബിന്ദു, ദലീമ, വീണാജോർജ്, ജെ .മേഴ്സിക്കുട്ടിഅമ്മ, ഒ.എസ്. അംബിക, യു. പ്രതിഭ എന്നിവർ സി.പി.എം സ്ഥാനാർത്ഥികളായും സി.കെ. ആശ, ജെ. ചിഞ്ചുറാണി എന്നിവർ സി.പി.ഐ ടിക്കറ്റിലും ജയിച്ചു.
കേരളകോൺഗ്രസ് എം സ്ഥാനാർത്ഥിയായി മത്സരിച്ച സിന്ധുമോൾ ജേക്കബ് മാത്രമാണ് പരാജയപ്പെട്ടത്. ജോ ജോസഫിന്റെ വിജയത്തിനു വേണ്ടി 11 ഭരണപക്ഷ വനിത എം.എൽ.എമാരും രംഗത്തിറങ്ങിയിരുന്നു. യു.ഡി.എഫിനു വേണ്ടി കെ.കെ. രമയും പ്രചാരണം നടത്തി.
'പി.ടിയുടെ വിജയമാണിത്. പി.ടിക്ക് തൃക്കാക്കരയോടും അവിടത്തെ ജനങ്ങൾക്ക് തിരിച്ചുമുള്ള അഭേദ്യമായ ബന്ധത്തിന്റെ വിജയം. ഡോ. ജോ ജോസഫും ഉമ തോമസും തമ്മിലായിരുന്നില്ല, എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു പോരാട്ടം. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരുമെല്ലാം തൃക്കാക്കരയിൽ ക്യാമ്പുചെയ്ത് നടത്തിയ പ്രചാരണത്തിന് ഓരോ കോൺഗ്രസ് അംഗവും ഉജ്ജ്വല പ്രവർത്തനം കൊണ്ടാണ് മറുപടി പറഞ്ഞത്. പരാജയപ്പെടുത്താനുള്ള എല്ലാ തെറ്റായ നീക്കങ്ങളെയും ജനങ്ങൾ നിരാകരിച്ചു. പി.ടി പാതിയാക്കിയ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും മണ്ഡലത്തിന്റെ സമഗ്രവികസനത്തിനും നിലകൊള്ളും.'
-ഉമ തോമസ്
ഇതിന് മുൻപ് പത്താം നിയമസഭയിൽ (1996-2001) മാത്രമാണ് വനിതാ അംഗങ്ങളുടെ എണ്ണം 13 ലെത്തിയിട്ടുള്ളത്. ബാക്കി നിയമസഭകളിലെല്ലാം പത്തിന് താഴെയാണിത്.
14ാം നിയമസഭയിൽ 9 വനിതാ സാമാജികർ. യു.ഡി.എഫിൽ ഷാനിമോൾ ഉസ്മാൻ മാത്രം.
13ാം നിയമസഭയിൽ ഏഴ് വനിതാസാമാജികർ. യു.ഡി.എഫിൽ പി.കെ. ജയലക്ഷ്മി മാത്രം.