
ലക്‌നൗ:ഉത്തർപ്രദേശിലെ ലക്‌നൗവിൽ സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കുന്നതിനായി നിക്ഷേപക സംഗമം ആരംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സംഗമത്തിൽ പങ്കെടുത്തിരുന്നു. ആ ദിവസത്തെ ഒരു വിശേഷം പങ്കുവച്ചിരിക്കുകയാണ് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി.
ഉത്തർപ്രദേശിൽ ലക്‌നൗവിലും വാരണാസിയിലുമടക്കം വിവിധ പ്രൊജക്‌ടുകളാണ് ലുലു ഗ്രൂപ്പിന്റേതായി വരാൻ പോകുന്നത്. ഇവയുടെ മാതൃകകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. എം.എ യൂസഫലി ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്ന പോസ്‌റ്റിലെ ചിത്രങ്ങളിൽ പ്രൊജക്‌ട് മാതൃകകൾ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് സന്ദർശിക്കുന്നത് കാണാം.
തന്റെ പ്രൊജക്‌ടുകൾ പ്രധാനമന്ത്രിയ്‌ക്ക് മുന്നിൽ പ്രദർശിപ്പിക്കാനായതിൽ വലിയ ആദരവും ബഹുമതിയുമാണെന്ന് യൂസഫലി ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിയ്‌ക്കുന്നു. വാരണാസിയിലും പ്രയാഗ്‌രാജിലും ഷോപ്പിംഗ് മാളുകളും നോയിഡയിൽ ഭക്ഷണ സംസ്‌കരണശാലയുമാണ് ലുലു ഗ്രൂപ്പിന്റേതായി നിലവിൽ വരാൻ പോകുന്നത് ഇവയുടെ മാതൃകയാണ് പ്രധാനമന്ത്രി സന്ദർശിച്ചത്.