
തിരുവനന്തപുരം: നെടുമങ്ങാട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. 16വയസുകാരനായ സുഹൃത്തും പെൺകുട്ടിയുടെ അടുത്ത ബന്ധുവുമുൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. പെൺകുട്ടി നാലാംക്ലാസിൽ പഠിക്കുമ്പോഴാണ് ബന്ധുവിന്റെ പീഡനത്തിനിരയായത്.
വ്യാഴാഴ്ച നെടുമങ്ങാട്ടെ വീട്ടിൽ നിന്ന് സ്കൂളിലേയ്ക്ക് പോകാനിറങ്ങിയ പെൺകുട്ടിയെ സുഹൃത്തായ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്ത് സന്തോഷും(36) ചേർന്ന് വാനിൽ കയറ്റി. തുടർന്ന് ചുള്ളിയൂരിലെ സന്തോഷിന്റെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ വിടാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വാനിൽ കയറ്റിയത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ 16കാരനെ സഹായിച്ചു എന്നതാണ് സന്തോഷിനെതിരെയുള്ള കേസ്. രണ്ടുപേരെയും മുറിയില്‍ പൂട്ടിയിട്ട ശേഷം സന്തോഷ് മടങ്ങുകയായിരുന്നു. പീഡനത്തിന് ശേഷം മടങ്ങിയെത്തിയ സന്തോഷ് ഇരുവരെയും വാനില്‍ കയറ്റുകയും അടുത്തുള്ള ജംഗ്ഷനില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
പെൺകുട്ടി സ്കൂളിലെത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ വീട്ടിൽ അറിയിച്ചു. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് വ്യക്തമായത്. തുടർന്ന് സന്തോഷിനെയും 16കാരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് വനിതാ പൊലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് മുമ്പുണ്ടായ പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത ബന്ധുവായ 50 വയസുകാരനിൽ നിന്ന് രണ്ടുതവണ പീഡനമുണ്ടായെന്ന് പെൺകുട്ടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെയും അറസ്റ്റ് ചെയ്തു. 16കാരനെ ജുവനൈൽ ഹോമിലാക്കി. മറ്റ് രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.