
അഹമ്മദാബാദ്: സ്വയം വിവാഹം ചെയ്യാനുളള ഇരുപത്തിനാലുകാരിയായ പെൺകുട്ടിയുടെ തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി ബിജെപി. ഹിന്ദു വിവാഹത്തിലെ എല്ലാ ആചാരങ്ങളും പാലിച്ച് ക്ഷേത്രത്തിൽ വച്ച് സ്വയം വിവാഹം ചെയ്യാനായിരുന്നു വഡോദര സ്വദേശിനിയായ ക്ഷമ ബിന്ദുവിന്റെ തീരുമാനം. തന്റെ മാതാപിതാക്കൾ ഇത് സമ്മതിച്ചതായും ക്ഷമ അറിയിച്ചിരുന്നു. വധുവാകാൻ തനിക്ക് വലിയ ഇഷ്‌ടമാണെന്നും എന്നാൽ ആത്മസ്‌നേഹമുളള താൻ സ്വയം വിവാഹം ചെയ്യുന്നുവെന്നാണ് ക്ഷമ അറിയിച്ചത്.
ഇതിനെതിരെയാണ് ബിജെപി നേതാവ് സുനിതാ ശുക്ള ശക്തമായി പ്രതികരിച്ചിരിക്കുന്നത്. 'ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിനെതിരാണ്, ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്‌ക്കും.' സുനിത പറഞ്ഞു. ക്ഷമ ബിന്ദുവിനെ മനോരോഗി എന്ന് വിളിച്ച സുനിത ഹിന്ദു സംസ്‌കാരത്തിൽ ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ വിവാഹത്തിന് അനുവദിക്കുന്നില്ലെന്ന് ഓർമ്മിപ്പിച്ചു.
സ്വയം വിവാഹം ചെയ്‌ത് ഇന്ത്യയിൽ ഇതൊരു ട്രെൻഡാക്കി മാറ്റാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് ക്ഷമ പറഞ്ഞിരുന്നു. വിവാഹം നടത്താൻ പൂജാരിയെ വരെ ക്ഷമ തയ്യാറാക്കി കഴിഞ്ഞു. എന്നാൽ ഇത്തരം വിവാഹങ്ങൾക്ക് ഇന്ത്യയിൽ യാതൊരു നിയമസാധുതയുമില്ലെന്നാണ് വിദഗ്ദ്ധർ അറിയിക്കുന്നത്.