
ഡിജിറ്റൽ പണമിടപാടുകൾക്ക് വളരെയേറെ പ്രാധാന്യമുള്ള കാലമാണ് ഇത്. സമയലാഭമാണ് കൂടുതൽ ആളുകളെ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ പ്രേരിപ്പിക്കുന്നത്. തിരക്കേറിയ ജീവിതത്തിന്റെ ഇടയിൽ കറന്റ് ബില്ലുകളും മറ്റും അടയ്ക്കുന്നതിനായി ഓഫീസുകൾ കയറിയിറങ്ങുന്നതിന് പകരം ഇപ്പോൾ കുറച്ച് സമയം കൊണ്ട് ഫോണിലൂടെ പണമടയ്ക്കാൻ സാധിക്കും.
യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ ഉപയോഗിക്കാൻ വളരെ എളുപ്പമാണെങ്കിലും നിരവധിപ്പേർ ഇക്കാര്യത്തിൽ അജ്ഞരാണ്. ഗൂഗിൾ പേ, പേയ്‌ടിഎം, ഫോൺ പേ, ആമസോൺ പേ തുടങ്ങി നിരവധി യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ആപ്പുകൾ ഇന്ന് നിലവിലുണ്ട്. ഏകദേശം 150 ദശലക്ഷത്തിലധികം ആൾക്കാരാണ് ഇന്ത്യയിൽ യു.പി.ഐ ഉപയോഗിക്കുന്നത്.
യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് പണം വിനിമയം നടത്താൻ ഭൂരിഭാഗം ആളുകൾക്ക് അറിയാം. എന്നാൽ ഇതിലൂടെ ബില്ലുകളടയ്‌ക്കാൻ പലർക്കും അറിയില്ല. വൈദ്യുതി ബിൽ പേയ്‌മെന്റുകൾ, ഗ്യാസ് ബിൽ പേയ്‌മെന്റുകൾ, വാട്ടർ ബില്ലുകൾ എന്നിവ എങ്ങനെ അടയ്ക്കാമെന്ന് വെറും നാല് സ്റ്റെപ്പിലൂടെ മനസിലാക്കാം.
യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കുന്നതിന് ഈ മാർഗങ്ങൾ പിന്തുടരുക
1. യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും പേയ്‌മെന്റ് ആപ്പ് തുറക്കുക ( ഗൂഗിൾ പേ, പേയ്‌ടിഎം, ഫോൺ പേ, ആമസോൺ പേ മുതലായവ)
2. യു.പി.ഐ സജ്ജീകരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക.
3. ഇനി യൂട്ടിലിറ്റി ബില്ലുകൾ എന്ന വിഭാഗത്തിലേക്ക് പോകുക അല്ലെങ്കിൽ നിങ്ങൾ അടയ്‌ക്കാൻ ആഗ്രഹിക്കുന്ന ബില്ല് തിരയുക.

ഉദാഹരണത്തിന്, നിങ്ങൾ വൈദ്യുതി ബില്ലുകൾ അടയ്ക്കാനാണ് ശ്രമിക്കുന്നതെങ്കിൽ വൈദ്യുതി ബില്ലുകൾ എന്ന് സെർച്ച് ചെയ്യുക.

4. ആവശ്യമായ വിവരങ്ങൾ നൽകുക.വൈദ്യുതി ബില്ല് അടയ്ക്കാൻ സേവന നമ്പർ നൽകുക. വാട്ടർ ബില്ലിനോ ഗ്യാസ് ബില്ലിനോ
ഉപഭോക്തൃ നമ്പർ നൽകുക. തുക നൽകി പേയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കുക.
