
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസങ്ങളായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി ആയിരത്തിന് മുകളിലാണ്. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിന് പുറമേ മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പ്.
കേരളത്തിൽ 11 ജില്ലകളിൽ കൊവിഡ് കണക്കുകൾ ഉയരുകയാണ്. ഇതിൽത്തന്നെ എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം കൂടുന്നതായാണ് വിവരം. ഈ ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങളുളളവർ പരിശോധനയ്‌ക്ക് വിധേയരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
സംസ്ഥാനത്തെ രോഗപ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകർ നിർബന്ധമായും കരുതൽ ഡോസ് വാക്‌സിനെടുക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വയോജനങ്ങൾ, കിടപ്പ് രോഗികൾ എന്നിവരെ സംരക്ഷിക്കാനുളള പ്രവർത്തനങ്ങൾ നടത്തണം. രണ്ടാം ഡോസ് വാക്‌സിനും പ്രിക്കോഷൻ ഡോസും സ്വീകരിക്കാത്തവർ തീർച്ചയായും വാക്‌സിനേഷൻ നടത്തണമെന്ന് മന്ത്രി പറഞ്ഞു. രണ്ട് ഡോസും പ്രിക്കോഷൻ ഡോസും കൃത്യമായ ഇടവേളകളിൽ സ്വീകരിച്ചാലേ രോഗത്തിനെതിരെ ഫലം ലഭിക്കൂ.
മാസ്‌ക് കൃത്യമായി ധരിക്കണമെന്നും വാക്‌സിൻ സ്വീകരിക്കാത്തവർക്കും ഒന്നിലേറെ രോഗമുളളവർക്കുമാണ് കൊവിഡ് പിടിപെടാൻ സാദ്ധ്യത കൂടുതൽ. കൊവിഡിനൊപ്പം നിപ, പേവിഷബാധ പോലെയുളളവയോടും കരുതൽ വേണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
നിലവിൽ സംസ്ഥാനത്തെ ടിപിആർ 10 ശതമാനത്തിനടുത്താണ്. 9.46 ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 1370 കേസുകളാണ് വെളളിയാഴ്‌ച കേരളത്തിൽ റിപ്പോർട്ട് ചെയ്‌തത്. 18 വയസ് മുതലുളളവരിൽ ഒന്നാം ഡോസ് നൂറ് ശതമാനമാണ്. എന്നാൽ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 88ആണ്. 22 ശതമാനം മാത്രമാണ് പ്രിക്കോഷൻ ഡോസ് എടുത്തത്. 15 മുതൽ 17 വയസുവരെയുള്ള 83 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വയസുവരെയുള്ള 54 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 15 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.