
ഇന്നത്തെ കൗമാരക്കാരായ മക്കളുളള രക്ഷകർത്താക്കൾ ഓർക്കുന്നുണ്ടാകും പണ്ടത്തെ ഗെയിം ഭ്രാന്തുകൾ. അന്ന് ടിവിയിലും കംപ്യൂട്ടറിലും ഘടിപ്പിച്ച് കളിക്കുന്ന ജോയ്‌സ്‌റ്റിക്ക് ഉപയോഗിച്ച് കളിക്കുന്ന ഗെയിമുകളായിരുന്നു പ്രശ്‌നം. ടീവിയുടെ മുന്നിൽ ഒരുപാട് സമയം ഇരിക്കുന്നു എന്നപേരിൽ അന്ന് പലരും അച്ഛനമ്മമാരുടെ കൈയിൽ നിന്നും വഴക്ക് കേട്ടിട്ടുണ്ടാകാം. കാലംമാറി കംപ്യൂട്ടറിനൊപ്പം ലാപ്‌ടോപ്പും സ്‌മാർട്‌ഫോണും ഐപാഡുമെല്ലാം വന്നതോടെ ഇന്നത്തെ കുട്ടികൾക്ക് ഗെയിമുകളുടെ തരം മാറി. അവർ പലരും ഓൺലൈൻ ഗെയിമുകളിലേക്ക് തിരിഞ്ഞു.
പണം ചോർത്തുന്ന ഓൺലൈൻ ഗെയിം
വിവിധ ഘട്ടങ്ങളിലായി ടാർഗെറ്റുകൾ നൽകുന്ന ഓൺലൈൻ ഗെയിമുകളിൽ അപ്‌ഗ്രേഡ് ചെയ്യാൻ പലപ്പോഴും പണം ആവശ്യമായി വരും. ഇത്തരത്തിൽ ഓരോ തവണയും പണത്തിനായി പതിയെ കുട്ടി മാതാപിതാക്കളുടെ അക്കൗണ്ടിലെ പണം ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. ഗെയിം അടിമത്തം കാരണം കടുംകൈകൾ ചെയ്യുന്ന സംഭവവും നമ്മൾ കാണുന്നുണ്ട്. പണമിടപാടിനുളള പാസ്‌വേർഡും മറ്റും കുട്ടികളറിയാതെ നോക്കുക. കൃത്യമായ ഇടവേളയിൽ പാസ്‌വേർഡ് മാറ്റുക.
കൃത്യമായി നിരീക്ഷിക്കണം
അണുകുടുംബങ്ങളിലേക്ക് തിരിഞ്ഞതോടെ പഴയതുപോലെ കൂട്ടുകൂടാനുളള സാദ്ധ്യത കുറയുമ്പോൾ മൊബൈലിലേക്ക് തിരിയുന്ന കുട്ടികൾ അതിലെ കെണികൾ അറിയാതെ വീണുപോകാം. ഇത് ഒഴിവാക്കാൻ കുട്ടിയിൽ മൊബൈൽ അടിമത്തമുണ്ടാകാതെ ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്. ഇതിന് കൃത്യമായ രക്ഷകർത്താക്കളുടെ നിരീക്ഷണം വേണം.
വളരുന്ന പ്രായത്തിൽ കളികളാണ് വേണ്ടതെന്നും മൊബൈലിൽ ഒതുങ്ങിപ്പോകരുത് കുട്ടിയുടെ മനസെന്ന് രക്ഷകർത്താവ് തിരിച്ചറിയണം. തലച്ചോറിന്റെ വികാസത്തിനും ശാരീരിക വികാസത്തിനും സഹായമായത് ചെയ്യണം.
കുട്ടികളുടെ ഗ്രൂപ്പുകളിൽ ഒറ്റയ്‌ക്കും കൂട്ടമായും മത്സരങ്ങളുണ്ടാകാം. വാട്‌സാപ്പ് ഗ്രൂപ്പ് വഴിയും ചില ഗെയിമുകൾ അവയിലൂടെത്തന്നെയും കുട്ടികൾക്ക് പരസ്‌പരം സംവാദത്തിന് വഴിയൊരുക്കുന്നുണ്ട്. ഇതറിഞ്ഞ് കൃത്യമായി തടയണം. ഇവയ്‌ക്ക് അടിമപ്പെട്ടാലുണ്ടാകുന്ന കുഴപ്പങ്ങൾ കുട്ടിയെ കൃത്യമായി ബോദ്ധ്യപ്പെടുത്തണം. മതിയായ കൗൺസിലിംഗ് നൽകിയാലേ ശരിയാകൂ എന്നുകണ്ടാൽ അതിന് മടിയ്‌ക്കാതെ തയ്യാറാകണം. അനാവശ്യ കുറ്റപ്പെടുത്തലോ വികാര പ്രകടനമോ അല്ല വിവേകമാണ് വേണ്ടത് എന്ന് സാരം.