sophie

ന്യൂയോർക്ക് : വിഖ്യാത മനഃശാസ്ത്രജ്ഞൻ സിഗ്‌മണ്ട് ഫ്രോയ്ഡിന്റെ ചെറുമകൾ സോഫി ഫ്രോയ്ഡ് ( 97 ) അന്തരിച്ചു. മസാച്യുസെറ്റ്സിലെ ലിങ്കണിലുള്ള വസതിയിലായിരുന്നു അന്ത്യം. സൈക്യാട്രിക് സോഷ്യൽ വർക്കറും അദ്ധ്യാപികയുമായിരുന്ന സോഫി പാൻക്രിയാസ് കാൻസറിനെ തുടർന്ന് ഏറെനാളായി ചികിത്സയിലിരുന്നു. സിഗ്‌മണ്ട് ഫ്രോയ്‌ഡിന്റെ ജീവിച്ചിരുന്ന ചെറുമക്കളിൽ അവസാനത്തെയാളായിരുന്നു സോഫി.

സിഗ്‌മണ്ട് ഫ്രോയ്ഡിന്റെ മൂത്തമകൻ മാർട്ടിൻ ഫ്രോയ്ഡിന്റെയും സ്പീച്ച് തെറാപ്പിസ്‌റ്റായിരുന്ന ഡ്രക്കർ ഫ്രോയ്ഡിന്റെയും മകളായി 1924 ഓഗസ്​റ്റ് ആറിന് വിയന്നയിലാണ് സോഫിയുടെ ജനനം. സോഫിയുടെ കുടുംബം പിന്നീട് യു.എസിലേക്ക് കുടിയേറുകയായിരുന്നു.

സിഗ്‌മണ്ട് ഫ്രോയ്ഡിന്റെ ലോകപ്രശസ്ത സൈക്കോ അനാലിസിസ് സിദ്ധാന്തത്തെ പരസ്യമായി എതിർത്ത് പ്രസംഗങ്ങൾ നടത്തിയാണ് സോഫി ശ്രദ്ധ നേടിയത്. ബോസ്​റ്റണിലെ സൈമൺസ് യൂണിവേഴ്സി​റ്റിയിൽ സൈക്കോളജി പ്രൊഫസറായിരുന്ന സോഫി അറിയപ്പെടുന്ന സൈക്കോസോഷ്യോളജിസ്റ്റായും ഫെമിനിസം, ശിശുസംരക്ഷണം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു.