
തിരുവനന്തപുരം : കോൺഗ്രസ് നേതാവും മുൻ എംഎൽഎയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന പ്രയാർ ഗോപാലകൃഷ്‌ണൻ ( 72) അന്തരിച്ചു. ദീർഘകാലം മിൽമ ചെയർമാനായിരുന്നു. വട്ടപ്പാറ എസ് യു ടി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
2001ൽ ചടയമംഗലം എംഎൽഎ ആയിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.
കെ.എസ്.യു വഴിയായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ പൊതുരംഗത്തേക്ക് എത്തിയത്. കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. 2001-ലാണ് കൊല്ലത്തെ ചടയമംഗലം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2015ൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിതനായി. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു.
പ്രയാര്‍ 1982-ല്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. 1984 മുതല്‍ 2001 വരെ ചെയര്‍മാനായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ ആര്‍. ബാലകൃഷ്ണപിള്ള സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ അദ്ധ്യക്ഷനായി നിയമിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതിനെത്തുടര്‍ന്ന് മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ അദ്ധ്യക്ഷസ്ഥാനം പ്രയാര്‍ രാജിവയ്ക്കുകയായിരുന്നു.