
പാരിസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നിസിൽ പരിസ്ഥിതി പ്രവർത്തകയുടെ പ്രതിഷേധം. കാസ്പർ റൂഡും മരിൻ സിലിച്ചും തമ്മിലുള്ള രണ്ടാം സെമിഫൈനൽ പോരാട്ടത്തിനിടെ കോർട്ടിൽ പ്രവേശിച്ച ഫ്രഞ്ച് പൗരയായ പരിസ്ഥിതി പ്രവർത്തക 15 മിനിട്ടോളം മത്സരം തടസ്സപ്പെടുത്തി. 'ഇനി അവശേഷിക്കുന്നത് വെറും 1028 ദിവസങ്ങൾ മാത്രം' എന്ന് എഴുതിയ ടീഷർട്ടും ധരിച്ചായിരുന്നു യുവതിയുടെ പ്രതിഷേധം.
മൂന്നാം സെറ്റിൽ സിലിച്ചിനെതിരെ കാസ്പർ റൂഡ് 4-1ന് ലീഡ് നേടിയിരിക്കുമ്പോഴായിരുന്നു യുവതി അപ്രതീക്ഷിതമായി കോർട്ടിൽ പ്രവേശിക്കുന്നത്. കാണികൾക്കിടയിൽ നിന്ന് കോർട്ടിലേക്ക് പ്രവേശിച്ച യുവതി, സ്വന്തം കഴുത്ത് ഒരു ലോഹത്തകിട് കൊണ്ട് നെറ്റിൽ ബന്ധിപ്പിച്ച ശേഷം കോർട്ടിൽ നിശ്ചലയായി ഇരിക്കുകയായിരുന്നു. അധികൃതരെത്തിയെങ്കിലും യുവതി കോർട്ടിൽ നിന്ന് മാറാൻ തയ്യാറായില്ല. 15 മിനിട്ടാണ് ഇത് കാരണം മത്സരം തടസ്സപ്പെട്ടത്. സുരക്ഷാകാരണങ്ങൾ പരിഗണിച്ച് കാസ്പർ റൂഡിനെയും സിലിച്ചിനെയും കോർട്ടിൽ നിന്നും മാറ്റിയിരുന്നു.
Protester interrupts Casper Ruud vs Marin Cilic #FrenchOpen tennis semifinal
— Ultra 🇺🇲 Alex ❎ (@AlexChecked) June 4, 2022
“We have 1028 days left” — a climate change protest referring to the last IPCC report#RolandGarros #ATP pic.twitter.com/HnEuw9Kw8p
ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയിഞ്ച് (ഐപിസിസി) റിപ്പോർട്ട് സൂചിപ്പിക്കുന്ന വാചകങ്ങളായിരുന്നു യുവതിയുടെ ടീഷർട്ടിൽ എഴുതിയിരുന്നത്. ഏറ്റവും പുതിയ ഐപിസിസി റിപ്പോർട്ട് പ്രകാരം ഗ്രീൻ ഹൗസ് എമിഷനുകൾ വർദ്ധിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനുള്ള നിലവിലെ പദ്ധതികൾ വ്യവസായത്തിന് മുമ്പുള്ള നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിലേക്ക് ചൂട് പരിമിതപ്പെടുത്താൻ പര്യാപ്തമല്ലെന്നും കണ്ടെത്തിയിരുന്നു. ഇതിലും കൂടുതൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ടിനെ സൂചിപ്പിക്കുന്ന വാചകങ്ങളാണ് യുവതിയുടെ ടീഷർട്ടിൽ എഴുതിയിരുന്നത്. 1028 ദിവസങ്ങൾ കൊണ്ട് ഭൂമിയുടെ നാശം ആരംഭിക്കുമെന്നാകണം യുവതി ഉദ്ദേശിക്കുന്നത്.
പരിസ്ഥിതി പ്രവർത്തക ടിക്കറ്റ് എടുത്ത് തന്നെയാണ് സ്റ്റേഡിയത്തിൽ പ്രവേശിച്ചതെന്ന് പിന്നീട് ഫ്രഞ്ച് ഓപ്പൺ അധികൃതർ വ്യക്തമാക്കി. സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടർന്ന് ബലം പ്രയോഗിച്ച് കോർട്ടിൽ നിന്ന് പുറത്താക്കിയെന്നും പിന്നീട് അവരെ പൊലീസിന് കൈമാറിയെന്നും ഫ്രഞ്ച് ഓപ്പൺ അധികൃതർ പത്രകുറിപ്പിൽ വ്യക്തമാക്കി. മത്സരത്തിൽ കാസ്പർ റൂഡ് വിജയിച്ചു. സ്കോർ 3-6, 6-4, 6-2, 6-2. ഫൈനലിൽ റാഫേൽ നദാലിനെ നേരിടും.