russia

മോസ്‌കോ : യുക്രെയിൻ തുറമുഖങ്ങളിൽ നിന്ന് ധാന്യങ്ങൾ കയ​റ്റുമതി ചെയ്യാൻ അവസരമൊരുക്കുമെന്ന ഉറപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയിനിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിലച്ചതോടെ ലോകം ഭക്ഷ്യക്ഷാമത്തിലേക്ക് കൂപ്പുകുത്തിയേക്കുമോ എന്ന ആശങ്കകൾക്ക് പിന്നാലെയാണ് പുട്ടിന്റെ വിശദീകരണം.

അതേ സമയം, നിലവിൽ ലോകത്ത് അനുവഭപ്പെടുന്ന ഭക്ഷ്യ - ഊർജ ദൗർലഭ്യങ്ങൾക്ക് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്ന് പുട്ടിൻ കുറ്റപ്പെടുത്തി. പ്രതിസന്ധികളുടെ ഉത്തരവാദിത്വം റഷ്യയുടെ തലയ്ക്ക് കെട്ടിവയ്ക്കാനാണ് പാശ്ചാത്യശ്രമമെന്ന് പുട്ടിൻ പറഞ്ഞു.

യുക്രെയിൻ തുറമുഖങ്ങൾ വഴിയോ റഷ്യൻ നിയന്ത്രണത്തിലെ തുറമുഖങ്ങൾ വഴിയോ മറിച്ച് യൂറോപ്പ് വഴിയോ കയ​റ്റുമതി ചെയ്യാമെന്നും റഷ്യൻ സേന ആക്രമിക്കില്ലെന്നും ഒരു ചാനൽ അഭിസംബോധനയ്ക്കിടെ പുട്ടിൻ വിശദമാക്കി.

നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയിൻ തുറമുഖമായ മരിയുപോളിൽ നിന്ന് കയ​റ്റുമതി നടത്തിയേക്കുമെന്ന സൂചനയും പുട്ടിൻ നൽകി. യുക്രെയിന്റെ നിയന്ത്രണത്തിലുള്ള ഒഡേസ തുറമുഖത്ത് നിന്ന് കയറ്റുമതി നടത്താമെന്നും എന്നാൽ പ്രദേശത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്ന മൈനുകൾ നീക്കം ചെയ്യേണ്ടതുണ്ടെന്നും പുട്ടിൻ പറഞ്ഞു.

ബെലറൂസിന് മേൽ പാശ്ചാത്യ രാജ്യങ്ങൾ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കണമെന്ന് പുട്ടിൻ ചൂണ്ടിക്കാട്ടി. ഏറ്റവും ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമായ കയ​റ്റുമതി ബെലറൂസ് മാർഗമാണ് സാദ്ധ്യമാവുകയെന്നും ബെലറൂസിലെത്തിക്കുന്ന ഭക്ഷ്യവസ്തുക്കൾ ബാൾട്ടിക് കടൽ വഴി ലോകത്തെവിടെ വേണമെങ്കിലും എത്തിക്കാമെന്നും പുട്ടിൻ കൂട്ടിച്ചേർത്തു.

അതേ സമയം, കിഴക്കൻ യുക്രെയിനിലെ സെവെറൊഡൊണെസ്ക് നഗരത്തിൽ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. റോയിട്ടേഴ്സിന്റെ രണ്ട് മാദ്ധ്യമ പ്രവർത്തകർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. സെവെറൊഡൊണെസ്കിൽ റഷ്യ പിടിച്ചെടുത്ത പ്രദേശത്തിന്റെ 20 ശതമാനം തിരിച്ചുപിടിച്ചെന്ന് യുക്രെയിൻ സേന അവകാശപ്പെട്ടു.

ഒഡേസയ്ക്ക് സമീപം ആയുധങ്ങളും വെടിമരുന്നുകളുമായി സഞ്ചരിച്ച യുക്രെയിൻ മിലിട്ടറി വിമാനം റഷ്യ വെടിവച്ചു വീഴ്ത്തി. സുമിയിൽ യുക്രെയിന്റെ മിലിട്ടറി ട്രെയിനിംഗ് സെന്ററും റഷ്യ മിസൈലാക്രമണത്തിൽ തകർത്തു.