
പാരിസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ളാം വനിതകളുടെ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗാ സ്വിയാടെക് കിരീടം നേടി. ഇന്ന് നടന്ന ഫൈനലിൽ അമേരിക്കയുടെ കൊക്കോ ഗാഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തുകൊണ്ടാണ് ഇഗ കിരീടം സ്വന്തമാക്കിയത്. ഒരു മണിക്കൂറും എട്ട് മിനിട്ടും നീണ്ടു നിന്ന പോരാട്ടത്തിൽ 6-1, 6-3 എന്ന സ്കോറിനാണ് ഇഗ കോക്കോയെ പരാജയപ്പെടുത്തിയത്.
— Roland-Garros (@rolandgarros) June 4, 2022
ഇഗയുടെ രണ്ടാം ഗ്രാൻഡ്സ്ളാം വിജയം കൂടിയാണിത്. ഇതിനുമുമ്പ് 2020ലെ ഫ്രഞ്ച് ഓപ്പണിലും ഇഗ കിരീടം ചൂടിയിരുന്നു. കിരീട വിജയത്തിനൊപ്പം മറ്റൊരു റെക്കാഡും കൂടി ഇഗയ്ക്ക് ഇന്ന് സ്വന്തമായി. ഈ നൂറ്റാണ്ടിൽ വനിതാ സിംഗിൾസിൽ ഏറ്റവും കൂടുതൽ തുടർവിജയങ്ങൾ സ്വന്തമാക്കുന്ന താരമെന്ന റെക്കാഡാണ് ഇഗയ്ക്ക് ഇന്നത്തെ വിജയത്തോടെ സ്വന്തമായത്. ഇഗയുടെ തുടർച്ചയായ 35ാമത്തെ വിജയമാണിത്. ഇതോടെ അമേരിക്കൻ താരമായ വീനസ് വില്ല്യംസിനോടൊപ്പം ഈ റെക്കാഡ് പങ്കുവയ്ക്കുകയാണ് ഇഗ. 2000ൽ വീനസും 35 തുടർവിജയങ്ങൾ സ്വന്തമാക്കിയിരുന്നു.
— Roland-Garros (@rolandgarros) June 4, 2022