
ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റർ ഡോസായി ഹൈദരാബാദ് ആസ്ഥാനമായ കോർബിവാക്സ് ഉപയോഗിക്കാൻ ഡി.സി.ജി.ഐ അനുമതി നൽകി.18 വയസിന് മുകളിലുള്ള കോവിഷീൽഡ്, കൊവാക്സിൻ എന്നിവയുടെ രണ്ട് ഡോസ് എടുത്തവർക്ക് ബൂസ്റ്റർ ഡോസായി കോർബിവാക്സ് നൽകാനാവും.
രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യ ഹെറ്റിറോലോഗസ് (കലർത്തി കുത്തിവയ്ക്കാവുന്നത്) ബൂസ്റ്റർ ഡോസ് വാക്സിനാണ് കോർബിവാക്സ്. ഇതുവരെ ആദ്യ രണ്ട് ഡോസ് എടുക്കുന്ന വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായും കുത്തിവച്ചിരുന്നത്. കൊവിൻ ആപ്പ് വഴി കോർബിവാക്സ് ബുക്ക് ചെയ്യാനാകും. ഒരു ഡോസിന് സ്വകാര്യ ആശുപത്രികളിൽ 400 രൂപയോളം വിലയാകും.
രാജ്യത്ത് ഇതുവരെ, ഒരാളിൽ വ്യത്യസ്ത വാക്സിനുകൾ ഉപയോഗിക്കുന്നത് അനുവദനീയമായിരുന്നില്ല. കോർബിവാക്സിന് ഡി.സി.ജി.ഐ അംഗീകാരം നൽകിയതോടെ, രാജ്യത്തെ സൗജന്യ വാക്സിനേഷൻ ഡ്രൈവിൽ ഇത് ഉൾപ്പെടുത്തണമോയെന്ന കാര്യം സർക്കാരിനു പരിശോധിക്കേണ്ടിവരും. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ ബയോളജിക്കൽ ഇ, ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, ബെയ്ലർ കോളേജ് ഓഫ് മെഡിസിൻ എന്നിവയുമായി സഹകരിച്ചാണ് കോർബിവാക്സ് വികസിപ്പിച്ചെടുത്തത്.