
ന്യൂഡൽഹി: കൊവിഡ് വ്യാപനസമയത്ത് പിപിഇ കിറ്റ് വാങ്ങുന്നതിൽ ഭാര്യയുടെ കമ്പനിയെ ഉപയോഗിച്ച് അഴിമതി കാണിച്ചെന്ന ആരോപണത്തിൽ മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. ഒരു പൈസപോലും തന്റെ കുടുംബം തട്ടിയെടുത്തിട്ടില്ലെന്നാണ് അദ്ദേഹം ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് അസമിൽ പിപിഇ കിറ്റടക്കം മെഡിക്കൽ അവശ്യ വസ്‌തുക്കളുടെ വലിയ ക്ഷാമമുണ്ടായി. 'ഒന്നാം കൊവിഡ് തരംഗ സമയത്ത് രാജ്യത്തിന്റെ വടക്കേ അറ്റത്തുളള സംസ്ഥാനമായ അസമിൽ പിപിഇ കിറ്റടക്കം എല്ലാത്തിനും വിഷമമുണ്ടായി. റോഡുകൾ അടച്ചു. ട്രെയിൻ, വിമാന സർവീസുകൾ നിലച്ചു. ഈ സമയം പിപിഇ കിറ്റ് ആര് തന്നാലും ഉപകാരമായിരുന്നു.' ശർമ്മ പറഞ്ഞു.
ആ സമയം തന്റെ കുടുംബം അസം സർക്കാരിന് പിപിഇ കിറ്റുകൾ നൽകിയതായും ഒരുവിധത്തിലുളള ബിസിനസും ഇതിൽ നടന്നില്ലെന്നും തനിക്കോ കുടുംബത്തിനോ ഒരു പൈസപോലും അസം സർക്കാർ നൽകിയിട്ടില്ലെന്നും ഹിമന്ദു ബിശ്വ ശർമ്മ വ്യക്തമാക്കി. ഇക്കാര്യം തന്റെ ഭാര്യ വ്യക്തമാക്കിയിട്ടുളളതാണെന്നും സാമ്പത്തിക ലാഭം ലഭിച്ചിട്ടില്ലെന്നും ഹിമന്ദു ബിശ്വ ശർമ്മ ആവർത്തിച്ചു.
പിപിഇ കിറ്റ് വാങ്ങിയതിൽ അസം മുഖ്യമന്ത്രിയുടെ ഭാര്യയുടെ കമ്പനിയ്‌ക്ക് മറ്റ് കമ്പനികളെക്കാൾ കൂടുതൽ ലാഭമുണ്ടായതായി കാട്ടി ഡൽഹി ഉപമുഖ്യമന്ത്രിയും ആപ്പ് നേതാവുമായ മനീഷ് സിസോദിയ ആണ് ഹിമന്ദു ബിശ്വ ശർമ്മയ്‌ക്കും ഭാര്യ റിനികി ഭുയാൻ ശർമ്മയ്‌ക്കുമെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ നിയമനടപടി നേരിടേണ്ടി വരുമെന്നും അസം മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു.