
ഗുവാഹത്തി: പ്രതിശ്രുത വരനെ തട്ടിപ്പ് കേസിൽ അറസ്‌റ്റ് ചെയ്‌ത് വാർത്തയിൽ ഇടംനേടിയ അസമിലെ പൊലീസ് ഓഫീസർ അതേ കേസിൽ അറസ്‌റ്റിൽ. വനിത സബ് ഇൻസ്‌പെക്‌ടറായ ജുൻമോണി രാഭയാണ് അറസ്‌റ്റിലായത്.
കഴിഞ്ഞമാസമാണ് തട്ടിപ്പുകേസിൽ രാഭ താനുമായി വിവാഹം ഉറപ്പിച്ചയാളെ അറസ്‌റ്റ് ചെയ്‌തത്. ഇതേകേസിൽ ബന്ധമുണ്ടെന്ന് കണ്ടതിനെ തുടർന്ന് നഗാവൊൻ ജില്ലയിലെ സബ് ഇൻസ്‌പെക്‌ടറായ രാഭ കഴിഞ്ഞ രണ്ട് ദിവസമായി കസ്‌റ്റഡിയിലായിരുന്നു. ശനിയാഴ്‌ചയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ നവംബറിലെ അസം പൊലീസിൽ ലേഡി സിംഗം, ദബാംഗ് കോപ് എന്നെല്ലാം അറിയപ്പെടുന്ന ജുൻമോണി രാഭയുമായി റാണ പൊഗാംഗിന്റെ വിവാഹം നിശ്ചയിച്ചത്. മജൂലിയിൽ ജോലി നോക്കുന്ന സമയത്ത് രണ്ട് കോൺട്രാക്‌ടർമാരെ റാണയ്‌ക്ക് രാഭ പരിചയപ്പെടുത്തി.
ഒഎൻജിസിയിൽ കരാർ ഏർപ്പെടുത്തി തരാമെന്നും ജോലി തരപ്പെടുത്താമെന്നും വാഗ്ദാനം ചെയ്‌ത് ഇവരെയടക്കം റാണ വഞ്ചിച്ചു. ഇതുകാട്ടിയുളള പരാതിയിലാണ് രാഭ പിന്നീട് റാണയെ അറസ്‌റ്റ് ചെയ്‌തത്. പിന്നീട് ആരോപണം ഉന്നയിച്ചവർ രാഭയുടെ പേരിലാണ് റാണ പണം വാങ്ങിയതെന്ന് ആരോപിച്ചതോടെ പ്രത്യേക അന്വേഷണം നടത്തുകയും ജുൻമോണി രാഭയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.