
കണ്ണൂർ: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോല മേഖല നിർബന്ധമാണെന്ന സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വിധി കേരളത്തിന്റെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ആലോചനയെന്നും വനംമന്ത്രി വ്യക്തമാക്കി. വിധിയിൽ കേന്ദ്രസർക്കാർ അനുകൂല നിലപാടെടുക്കുമോയെന്ന് ആശങ്കയുണ്ട്. എന്നാൽ പ്രതീക്ഷ കൈവിടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പ്രശ്‌നത്തിൽ ആവശ്യമെങ്കിൽ രാഷ്‌ട്രീയ ഇടപെടലും നടത്തും. വിഷയത്തിൽ നിയമപരമായി നേരിടുന്നത് ആലോചിക്കാൻ ഡൽഹിയിലെ കേരളത്തിന്റെ സ്‌റ്റാന്റിംഗ് കൗൺസിലുമായും എജിയുമായും ചർച്ച ചെയ്യും. പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചേക്കും. രണ്ട് ദിവസത്തിനകം സംസ്ഥാന സർക്കാർ വിഷയത്തിൽ നിയമനടപടികളിൽ വ്യക്തത വരുത്തും. ഇതിനകം എങ്ങനെ വിഷയം നേരിടണം എന്നതിലും തീരുമാനമുണ്ടാകും. കോടതി വിധി ചർച്ച ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനമനുസരിച്ച് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. മുഖ്യമന്ത്രിയുടെ കൂടി തീരുമാനമനുസരിച്ചാകും ഭാവി നടപടികൾ.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധി പരിസ്ഥിതി ലോലമേഖലയായി നിലനിർത്തണമെന്നും ദേശീയോദ്യാനങ്ങളിലോ വന്യജീവി സങ്കേതത്തിലോ ഖനനമോ നിർമ്മാണമോ പാടില്ലെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം.ഇവിടങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യ വനപാലകർ മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നുമാണ് ജസ്‌റ്റിസ് നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയത്.