 
അദ്വൈതദർശനം ഭാരതത്തെ  പഠിപ്പിച്ച ശ്രീശങ്കരന്റെ കാലടി ദേശീയ ചരിത്രസ്മാരകമാക്കാൻ കേ ന്ദ്രസർക്കാർ ഒരുങ്ങുന്നു.സഹസ്രാബ്ദ വിസ്മൃതിയിൽ നിന്ന് ദർശനപ്രകാശത്തിലേക്ക് കാലടിപ്പുഴയോരം മാറും
ശ്രീരാമന് അയോദ്ധ്യ പോലെ, ശ്രീകൃഷ്ണന് മഥുരയും വൃന്ദാവനവും പോലെ ശ്രീശങ്കരന് കാലടി. ഇന്നേക്ക് 1234 വർഷം മുമ്പാണ് കാലടിയിൽ ആദിശങ്കരൻ ജനിച്ചത്. പക്ഷേ, ശങ്കരജന്മഭൂമിയെ ലോകം അറിയാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ. 1910ലായിരുന്നു കാലടി ആദിശങ്കര ക്ഷേത്രത്തിന്റെ കുംഭാഭിഷേകം. ആ കണക്കിൽ 112 വർഷം മാത്രം. കാലടിയെ ശങ്കരദർശനങ്ങളുടെ പ്രകാശം പരത്തുന്ന സ്മാരകമായി പുനരുദ്ധരിച്ചത് സനാതന ധർമ്മത്തിന്റെ കാവൽ ഗോപുരങ്ങളായി ശങ്കരൻ സ്ഥാപിച്ച നാല് മഠങ്ങളിൽ ആദ്യത്തേതായ ശൃംഗേരി ശാരദാമഠമാണ്.ഇപ്പോൾ കാലടിയിൽ ദേശീയ ചരിത്രസ്മാരകം ഒരുക്കാൻ കേന്ദ്രം ആലോചിക്കുന്നു.ക്രിസ്തുവർഷം 788ൽ കാലടിയിൽ ശങ്കരൻ ജനിച്ചു എന്നാണ് വിശ്വസിക്കുന്നത്. എട്ടാം വയസിൽ സന്യസിക്കാൻ കാലടി വിട്ട ശങ്കരൻ തിരികെ വരുന്നത് അമ്മ ആര്യാംബയുടെ മരണത്തിനാണ്. വീണ്ടും പോയ ആചാര്യൻ പിന്നെയൊരിക്കലും വന്നില്ല. ഹിമാലയത്തിലെ കേദാർനാഥിൽ 32-ാം വയസിൽ സമാധിയാവുകയും ചെയ്തു. അങ്ങനെ കാലടി മെല്ലെ വിസ്മൃതിയിലേക്ക് പോയി. ആയിരത്തി ഇരുനൂറിലേറെ വർഷങ്ങൾ .കേദാർനാഥിൽ ശ്രീശങ്കരാചാര്യരുടെ പ്രതിമ കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തിരുന്നു.
ശൃംഗേരിയിലെ ശങ്കരാചാര്യ പരമ്പരയിലെ മുപ്പത്തി മൂന്നാമത്തെ (1879 -1912 ) മഠാധിപതി ജഗദ്ഗുരു സച്ചിദാനന്ദ ശിവാഭിനവ നരസിംഹ ഭാരതി മഹാസ്വാമിജിക്കായിരുന്നു ശങ്കരജന്മഭൂമി പുനരുദ്ധരിക്കാനുള്ള നിയോഗം. പക്ഷേ നൂറ്റാണ്ടുകളായി പലരുടെയും കൈവശമുള്ള കാലടിയിലെ ഭൂമി വീണ്ടെടുക്കുക ദുഷ്കരമായിരുന്നു.ശങ്കരന്റെ ആധികാരിക ജീവചരിത്രമായി കരുതുന്നത് ശൃംഗേരിയിലെ പന്ത്രണ്ടാമത്തെ മഠാധിപതി ( 1380 - 1386 ) വിദ്യാരണ്യ താളിയോലയിൽ രചിച്ച 'മാധവീയ ശങ്കര ദിഗ്വിജയം" ആണ്. അതിൽ ശങ്കരന്റെ ജന്മസ്ഥലം കേരളത്തിൽ പൂർണാ നദിയുടെ (പെരിയാർ) തീരത്തുള്ള കാലടി ദേശമാണെന്ന് പറയുന്നുണ്ട്. ആ സ്ഥലം കണ്ടെത്താൻ നരസിംഹ ഭാരതി മഹാസ്വാമിജി തന്റെ ഭക്തനായ മൈസൂർ ദിവാൻ സർ കെ. ശേഷാദ്രി അയ്യരെ തിരുവിതാംകൂറിലേക്കയച്ചു. കാലടി എന്ന പേരിൽ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലങ്ങൾ ഉണ്ടെന്ന് അദ്ദേഹം മനസിലാക്കി. അതിൽ ശങ്കര ദിഗ്വിജയത്തിൽ പറയുന്ന വിശേഷണങ്ങളെല്ലാം ഒത്തുവരുന്നത് എറണാകുളം ജില്ലയിൽ പൂർണാനദിക്കരയിലെ സ്ഥലമാണെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു.ശേഷാദ്രി അയ്യർ ശൃംഗേരിയിൽ തിരിച്ചെത്തി മഹാസ്വാമിജിയെ കാര്യങ്ങൾ ധരിപ്പിച്ചു. പ്രാദേശിക ആചാരങ്ങളുടെ അടിസ്ഥാനത്തിൽ, ശങ്കരൻ ജനിച്ചതെന്ന് കരുതിപ്പോന്ന ഒരു തുണ്ട് ഭൂമി വീണ്ടെടുത്തു. അവിടെ ക്ഷേത്രം നിർമ്മിക്കാനും എല്ലാ വർഷവും ശങ്കരന്റെ ജന്മദിനമായ വൈശാഖ ശുക്ലപഞ്ചമി ദിനത്തിൽ തുടങ്ങി അഞ്ച് ദിവസത്തെ ശങ്കരജയന്തി ഉത്സവം തുടങ്ങാനും വൈദിക ശ്രേഷ്ഠനായ പണ്ഡിറ്റ് നടുക്കാവേരി ശ്രീനിവാസ ശാസ്ത്രികളെ ചുമതലപ്പെടുത്തി. അദ്ദേഹം എല്ലാ വർഷവും കാലടിയിലെത്തി ഉത്സവം നടത്തി.
അതൊരു ആളുകൂടുന്ന ആഘോഷമായി. പതിനൊന്ന് വർഷം കടന്നുപോയി.ശേഷാദ്രി അയ്യരും ശ്രീനിവാസ ശാസ്ത്രിയും മരണമടഞ്ഞു. ഈ കാലത്താണ് സർ വി. പി മാധവ റാവു തിരുവിതാംകൂർ ദിവാനായത് ( 1905 - 06 ). കന്നഡ ദേശക്കാരനായ റാവു മഹാസ്വാമിജിയുടെ ഭക്തനായിരുന്നു. കാലടിയിലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കിട്ടാൻ, മാധവ റാവു മുഖേന മൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ സഹായം തേടി. 1905ൽ ശൃംഗേരി സർവ്വാധികാരി ശ്രീകണ്ഠ ശാസ്ത്രിയെയും ദിവാൻ ബഹദൂർ എ. രാമചന്ദ്ര അയ്യരെയും മഹാസ്വാമിജി തിരുവിതാംകൂറിലേക്കയച്ചു. അവർ ദിവാൻ മുഖേന മഹാരാജാവിനെ വിവരം ധരിപ്പിച്ചു.തുടർന്ന് കാലടിയിൽ എത്തിയ അവർ പൂർണാ നദിയിൽ ശങ്കരൻ കുളിച്ചിരുന്ന കടവ് നാട്ടുകാർ പവിത്രമായി സൂക്ഷിച്ചിരുന്നത് കണ്ടു. ശങ്കരന് സന്യസിക്കാൻ നിമിത്തമായി കാലിൽ മുതല പിടിച്ചത് ഈ കടവിലാണെന്നും മുതലക്കടവെന്നാണ് അറിയപ്പെടുന്നതെന്നും മനസിലാക്കി. അമ്മയുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം ശങ്കരൻ സ്നാനം ചെയ്തതും ഈ കടവിലാണ്. ശങ്കരൻ പ്രതിഷ്ഠിച്ച കുലദൈവമായ തൃക്കാലടിയപ്പന്റെ ( ശ്രീകൃഷ്ണൻ ) ആറാട്ടു കടവുമാണിത്.ശങ്കരന്റെ മനയുമായി ബന്ധമുള്ള രണ്ട് നമ്പൂതിരി മനകളിലെ - കാപ്പുള്ളി മനയും തലപ്പുള്ളി മനയും - പിന്മുറക്കാർ ഇക്കാര്യങ്ങൾ ശരിവച്ചു. ശങ്കരന്റെ അമ്മയുടെ ഭൗതിക ദേഹം സംസ്കരിക്കാൻ എടുത്തപ്പോൾ പാദം വഹിച്ചവരാണ് കാ(ൽ)പ്പുള്ളി മനക്കാർ. ശിരസ് പിടിച്ചവർ തലപ്പുള്ളി മനക്കാരും. രണ്ടിടത്തെയും പിൻഗാമികൾ ഇന്നും കാലടിയിലുണ്ട്. ഇവരൊഴികെ ആരും ശങ്കരനെ സംസ്കാരത്തിന് സഹായിച്ചില്ലത്രേ.കാലവർഷത്തിൽ പൂർണാനദി കവിഞ്ഞൊഴുകുമ്പോൾ മുങ്ങുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അമ്മയ്ക്ക് ദർശനം പറ്റാതെ വന്നപ്പോൾ ശങ്കരൻ നദിയുടെ ഗതി മാറ്റിയശേഷം കൃഷ്ണ വിഗ്രഹം വീടിനടുത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചെന്നാണ് വിശ്വാസം.
എ.ഡി. 795ൽ. അന്ന് ശങ്കരന് ഏഴ് വയസാണ്. മാധവീയ ശങ്കര വിജയത്തിലും ഇത് പറയുന്നുണ്ട്. കാലടിയിൽ ഇന്ന് കാണുന്ന ശ്രീകൃഷ്ണ ക്ഷേത്രം അതാണ്. ഈ ക്ഷേത്രവും മുതലക്കടവും ശങ്കരന്റെ ജന്മസ്ഥലം സ്ഥിരീകരിക്കാൻ ശൃംഗേരി ദൂതന്മാരെ സഹായിച്ചു.ആ ഭൂമി അന്ന് തെക്കേമഠം ഉൾപ്പെടെ പല നമ്പൂതിരി കുടുംബങ്ങളുടെയും കൈവശമായിരുന്നു. ശങ്കരന്റെ ശിഷ്യനായിരുന്ന പദ്മപാദാചാര്യന്റെ പിന്മുറക്കാരാണ്  തെക്കേ മഠത്തുകാർ. ശൃംഗേരി ആചാര്യന്മാരും തിരുവിതാംകൂർ മഹാരാജാക്കന്മാരും തമ്മിൽ ഗുരുശിഷ്യ ബന്ധമായിരുന്നു. കൊട്ടാരത്തിൽ നിന്ന് പ്രതിവർഷം 170 സ്വർണ വരാഹൻ മഠത്തിന് നൽകിയിരുന്നു. ഈ ദൃഢ ബന്ധമാണ് കാലടിയിലെ ഭൂമി ഏറ്റെടുക്കാൻ സഹായിച്ചത്.1904 മാർച്ച് 18ന് ഗവർണർ ജനറൽ കഴ്സൺ പ്രഭു, രാജ്യത്തെ പൗരാണിക സ്മാരകങ്ങൾ ഏറ്റെടുക്കാൻ നിയമം കൊണ്ടുവന്നു. സമാനമായ നിയമങ്ങൾ നാട്ടുരാജ്യങ്ങളിലും വന്നു. അതിന്റെ ബലത്തിൽ മൂലം തിരുനാൾ മഹാരാജാവ് ( 1857 - 1924) കാലടി ഏറ്റെടുത്ത് മഹാസ്വാമിജിക്ക് സമർപ്പിച്ചു. പതിനായിരം രൂപയും മഹാരാജാവ് നൽകി.അതോടെ കാലടിയിൽ ആദി ശങ്കരനും ശാരദാദേവിക്കും ക്ഷേത്രങ്ങൾ നിർമ്മിക്കാൻ മഹാസ്വാമിജി നിദ്ദേശിച്ചു. മൈസൂർ ചീഫ് കോടതി ജഡ്ജിയായി വിരമിച്ച എ. രാമചന്ദ്ര അയ്യരെയും മൈസൂർ സർക്കാരിലെ മുഖ്യ എൻജിനീയറായി വിരമിച്ച ഇ. ആർ. സുബ്ബരായ അയ്യരെയും കാലടിയിലേക്ക് അയച്ചു. സ്വാമിജിയുടെ സങ്കൽപ്പമനുസരിച്ച് സുബ്ബരായ അയ്യരാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തത്. മൂന്ന് വർഷം കൊണ്ട് ക്ഷേത്രം പൂർത്തിയാക്കാനും നിർദ്ദേശിച്ചു.ക്ഷേത്രത്തിന്റെ കുംഭാഭിഷേകം ലക്ഷ്യമിട്ട് മഹാസ്വാമിജി 1907ൽ കാലടിയിലേക്ക് വിജയ യാത്രതുടങ്ങി. 1909ൽ സംഘം തിരുവനന്തപുരത്തെത്തി. യാത്രയിൽ സംഭാവന കിട്ടിയ രണ്ട് ലക്ഷം രൂപ കുംഭാഭിഷേകത്തിനായി മാറ്റി വച്ചു.പൂർണാ നദിക്കരയിൽ ക്ഷേത്രം പൂർത്തിയായതോടെ കുഗ്രാമമായ കാലടിയിൽ ഉത്സവാന്തരീക്ഷമായി. 1910 ഫെബ്രുവരി 21ന് കുംഭാഭിഷേകം നിശ്ചയിച്ചു. അതിന് പത്തു ദിവസം മുമ്പ് സ്വാമിജിയും സംഘവും പെരുമ്പാവൂരിൽ എത്തി. അന്ന് രാത്രി സ്വാമിജിക്ക് ഒരു സ്വപ്ന ദർശനമുണ്ടായി. ശുഭ്ര വസ്ത്രധാരിയായ ഒരു സ്ത്രീ, താൻ കാലടിയിൽ ഒരു വൃക്ഷച്ചുവട്ടിലാണ് താമസിക്കുന്നതെന്നും സ്വാമിജിയെ അവിടേക്ക് ക്ഷണിക്കാനാണ് വന്നതെന്നും പറഞ്ഞ ശേഷം മറഞ്ഞു. പിറ്റേന്ന് കാലടിയിൽ നിന്നെത്തിയവർ സ്ഥലവിശേഷം പറയുന്നതിനിടെ, ശങ്കരാചാര്യരുടെ അമ്മയുടെ സമാധി ഒരു അശോകമരത്തിന്റെ ചുവട്ടിലാണെന്ന് യാദൃച്ഛികമായി പറഞ്ഞു. ആ നിമിഷം ശരീരത്തിലൂടെ ഒരു വിദ്യുത് പ്രവാഹം കടന്നു പോയ സ്വാമിജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അടുത്ത ദിവസം സ്വാമിജി കാലടിയിൽ എത്തി. അശോക മരച്ചുവട്ടിൽ ദീപം തെളിച്ച കൽവിളക്ക് കണ്ട് നിർന്നിമേഷനായി നിന്നു. ('എ സേജ് പാർ എക്സലൻസ് " എന്ന സ്വാമിജിയുടെ ജീവചരിത്രത്തിൽ ഈ സംഭവം വിവരിക്കുന്നുണ്ട്.)ആയിരത്തി ഇരുനൂറ് വർഷം മുമ്പ് സ്ഥാപിച്ച കൽവിളക്ക് ഇന്നും കെടാവിളക്കായി ജ്വലിക്കുന്നുണ്ട്. ഈ വിളക്കും ശങ്കരന്റെ ജന്മസ്ഥലം സ്ഥിരീകരിക്കാൻ സഹായിച്ചു. ശങ്കരന്റെ അമ്മ ആര്യാംബയുടെ സമാധിസ്ഥാനം വൃന്ദാവനം എന്നാണ് അറിയപ്പെടുന്നത്.
( വിവരങ്ങൾക്ക് കടപ്പാട് - ശൃംഗേരി മഠം പ്രസിദ്ധീകരണങ്ങൾ--
ലേഖകന്റെ ഫോൺ:9946108245 )