
വിഴിഞ്ഞം: തുറമുഖത്ത് ആദ്യമായി നടന്ന രാജ്യാന്തര ബങ്കറിംഗ് (കപ്പലുകളിലെ ഇന്ധനം നിറയ്ക്കൽ) കാണാൻ സന്ദർശക തിരക്ക്. ഇന്നലെയാണ് വിഴിഞ്ഞത്ത് ആദ്യമായി ബങ്കറിംഗ് നടന്നത്. ടഗ്ഗിൽ നിറയ്ക്കാനുള്ള ഇന്ധനവുമായ കൊച്ചിയിൽ നിന്നുള്ള കപ്പൽ ഇന്നലെ പുലർച്ചേ വിഴിഞ്ഞത്ത് എത്തിയിരുന്നു. മാല ദ്വീപിലേക്ക് ക്രൗളിംഗ് ക്രെയിൻ കൊണ്ടുപോകുന്നതിന് എത്തിയ വിദേശ ടഗ്ഗായ 'കിക്കിയിൽ' ഇന്ധനം തീർന്നതിനെ തുടർന്നാണ് ആദ്യമായി ബങ്കറിംഗ് നടന്നതെന്ന് ഏജൻസിയായ സത്യം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് കമ്പനി അധികൃതർ പറഞ്ഞു. തുറമുഖം, കസ്റ്റംസ്, ഇമിഗ്രേഷൻ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബങ്കറിംഗ് നടന്നത്.
മാല ദ്വീപിലേക്ക് ക്രെയിൻ കയറ്റി അയ്ക്കുന്നതിനൊപ്പം വിദേശ ടഗ്ഗിലേക്കുള്ള ഇന്ധനം നിറയ്ക്കലും നടക്കുന്നത് വിഴിഞ്ഞത്തിന് ഈ മേഖലയിലേക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. ഇന്ധനം നിറച്ച് മറ്റ് സാങ്കേതിക നടപടികൾ പൂർത്തിയാക്കിയാൽ ഇന്ന് ഉച്ചയോടെ ടഗ്ഗ് വിഴിഞ്ഞം തീരം വിടുമെന്ന് അധികൃതർ പറഞ്ഞു.