
മലപ്പുറം: മാട്രിമോണിയൽ ആപ്പിലൂടെ അവിവാഹിതരായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണവും സ്വർണവും തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ പൂവത്ത് വീട്ടിൽ അസറുദ്ദീനാണ് അറസ്റ്റിലായത്. കരുവാരക്കുണ്ട് സ്വദേശിനി പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. കരുവാരക്കുണ്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒരു പ്രമുഖ മാട്രിമോണിയൽ ആപ്പിലൂടെയാണ് അസറുദ്ദീൻ യുവതിയെ പരിചയപ്പെട്ടത്. സ്വന്തമായി ഹെയർ ഓയിൽ കമ്പനി നടത്തുകയാണെന്നും അവിവാഹിതനാണെന്നും സ്വയം പരിചയപ്പെടുത്തുന്ന ഇയാൾ ആകർഷകമായി സംസാരിച്ച് സ്ത്രീകളുടെ വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്. സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയായിരുന്നു ഇയാൾ കൂടുതലായും നോട്ടമിട്ടിരുന്നത്. ഇത്തരത്തിൽ പ്രതി സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെപ്പോലും തട്ടിപ്പിനിരയാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്വന്തം ഐഡികാർഡ് അയച്ചുനൽകുകയും വീഡിയോ കോളിൽ സംസാരിക്കുകയും ചെയ്തുകൊണ്ടാണ് ഇയാൾ സ്ത്രീകളുമായി ആപ്പിലൂടെ സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് വിവാഹവാഗ്ദ്ധാനം നൽകും. പിന്നാലെ ചെറിയ സാമ്പത്തിക ഇടപാടുകൾ നടത്തി കൃത്യമായി പണം തിരിച്ചുനൽകി വിശ്വാസം ഊട്ടിയുറപ്പിക്കും. പിന്നീടാണ് സ്വർണാഭരണങ്ങൾ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ കരുവാക്കുണ്ട് സ്വദേശിനിയിൽ നിന്ന് പലതവണയായി ഒൻപത് പവൻ സ്വർണാഭരണങ്ങളും 85,000 രൂപയും പ്രതി കൈക്കലാക്കിയതായാണ് പരാതി. നിരന്തരം സ്വർണവും പണവും ആവശ്യപ്പെടുകയും കൈക്കലാക്കിയ സ്വർണം തിരികെ നൽകാതാവുകയും ചെയ്തതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
പ്രതി ആലപ്പുഴ, തലശേരി, തൃക്കരിപ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ നിന്നായി നാല് വിവാഹങ്ങൾ ചെയ്തതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ആപ്പിലൂടെ ചീട്ട് കളിക്കുന്നത് പതിവായിരുന്ന ഇയാൾ പണം മുഴുവൻ നഷ്ടപ്പെട്ടതോടെയാണ് സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വർണവും കൈക്കലാക്കാൻ തുടങ്ങിയത്.
മഞ്ചേരി ജൂഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.