mahesh-khem-sing

ഇടുക്കി: പൂപ്പാറയിൽ തേയിലത്തോട്ടത്തിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിലായി. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മഹേഷ്‌ കുമാർ യാദവ്(25), ഖേം സിംഗ്(25) എന്നിവരാണ് പിടിയിലായത്. മദ്ധ്യപ്രദേശ് സ്വദേശികളായ ഇവർ രാജകുമാരിയിലും പൂപ്പാറയിലും വച്ച് പീഡിപ്പിച്ചെന്ന് കൗൺസിലിംഗ് സമയത്താണ് പശ്ചിമബംഗാൾ സ്വദേശിനിയായ പെൺകുട്ടി വെളിപ്പെടുത്തിയത്.

രാജാക്കാട് പൊലീസാണ് കജനാപ്പാറയിലെ വീട്ടിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാൻഡ് ചെയ്തു. ആകെ എട്ട് പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന മഹേഷ്‌ കുമാർ യാദവ് ആദ്യം പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും തന്റെ സുഹൃത്തായ ഖേം സിംഗിന്റെ താമസ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയും ചെയ്‌തിരുന്നു. പിന്നീട് പെൺകുട്ടി ഖേം സിംഗുമായി അടുപ്പത്തിലായി.

മേയ് 29ന് വൈകിട്ട് നാലരയോടെ പൂപ്പാറ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തെ തേയില തോട്ടത്തിൽ പെൺകുട്ടിയോടൊപ്പം എത്തിയ ഖേം സിംഗ് പീഡനശ്രമം നടത്തി. ഈ സമയം ഇവിടെയെത്തിയ പൂപ്പാറ സ്വദേശികളായ ആറംഗ സംഘം ഖേം സിംഗിനെ തല്ലി ഓടിച്ചതിന് ശേഷം പെൺകുട്ടിയെ ഉപദ്രവിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

ഖേം സിംഗ്, മഹേഷ്കുമാർ യാദവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പെൺകുട്ടി ആദ്യം ഇവർക്കെതിരെ‍ മൊഴി നൽകിയിരുന്നില്ല. പ്രതികളും കുറ്റം നിഷേധിച്ചു. കേസിൽ പ്രതി സ്ഥാനത്ത് ഇവർ ഇല്ലെന്ന് ധരിപ്പിച്ച ശേഷം വിട്ടയച്ചു. എന്നാൽ ഇവരെ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ചൈല്‍ഡ് ലെെൻ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നു. ഇതിനിടയിലാണ്, മഹേഷ് കുമാര്‍ യാദവും, ഖേംസിങ്ങും നേരത്തേ പീഡിപ്പിച്ചിരുന്നെന്ന് വിവരം ലഭിച്ചത്. മൂന്നാർ ഡി.വൈ.എസ്.പി കെ.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ജില്ലാ ചൈല്‍ഡ്‌ ലെെൻ അധികൃതരുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി ഇപ്പോൾ. കുട്ടിക്ക് പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലെന്ന് ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ എം.ജി.ഗീത പറഞ്ഞു. സ്വന്തം പേര് പോലും എഴുതാനും വായിക്കാനും അറിയാത്ത പെൺകുട്ടിക്ക് സ്വന്തം പ്രാദേശിക ഭാഷ മാത്രമാണ് അറിവുള്ളത്.