
ഇസ്ളാമാബാദ്: പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെതിരെ വീണ്ടും വധഭീഷണി. ഇന്ന് ഇസ്ളാമാബാദിലെ ബനി ഗല എന്ന ജനത്തിരക്കാർന്ന ഭാഗം സന്ദർശിക്കുമ്പോൾ അദ്ദേഹത്തെ വധിക്കുമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതനുസരിച്ച് ഇസ്ളാമാബാദിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇമ്രാൻ ഖാന്റെ സന്ദർശനമുളളിടത്തെല്ലാം വലിയ സുരക്ഷാ ക്രമീകരണങ്ങളുണ്ട്.
ഇസ്ളാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ പൊലീസിന് ഇമ്രാൻ ഖാന്റെ അണികളുടെ ഭാഗത്ത് നിന്നും വിവരമൊന്നും നൽകിയിട്ടില്ല. ആരെല്ലാമാണ് ഇമ്രാനൊപ്പം ഉണ്ടാകുക എന്ന വിവരമൊന്നും പൊലീസിന് ലഭ്യമല്ല.
അതേസമയം ഇമ്രാൻ ഖാനെതിരെ ആക്രമണമോ അരുതാത്തത് എന്തെങ്കിലുമോ ഉണ്ടായാൽ പാകിസ്ഥാനെതിരായ ആക്രമണമായി അത് കാണുമെന്നും പ്രത്യാഘാതം ഗുരുതരമാകുമെന്നും അദ്ദേഹത്തിന്റെ അനന്തിരവൻ ഹസാൻ നിയാസി പ്രതികരിച്ചു.
രാജ്യത്തെ വിൽക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ച് പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് ഇമ്രാൻ ഖാൻ. മുൻപ് പ്രധാനമന്ത്രിയായിരുന്ന സമയത്തും ഇമ്രാനെതിരെ വധഭീഷണിയുണ്ടായിരുന്നതായാണ് നേതാക്കൾ അറിയിച്ചത്. പാർട്ടി റാലിയിൽ ബുളളറ്റ്‌പ്രൂഫ് സുരക്ഷ ഇമ്രാന് കൊടുക്കാനാണ് സുരക്ഷ ഏഏജൻസികളുടെ ശ്രമം. എന്നാൽ ഇതിന് ഇമ്രാന് എതിരഭിപ്രായമാണുളളത്.