
ഇന്ത്യയുടെ ആദ്യത്തെ ദ്രാവക സ്ഫടിക ദൂരദർശിനി (ഇന്ത്യൻ ലിക്വിഡ് മിറർ ടെലിസ്കോപ്) കമ്മിഷൻ ചെയ്തു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലിക്വിഡ് ടെലിസ്കോപ്പും ഇത് തന്നെയാണ്. ആകാശത്തിലെ ക്ഷണികമായ പ്രതിഭാസങ്ങളെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ നിരീക്ഷിക്കുന്നതിന് ഈ ദൂരദർശിനി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൂപ്പർനോവകൾ, ഗുരുത്വാകർഷണ ലെൻസുകൾ, ബഹിരാകാശ അവശിഷ്ടങ്ങൾ, ഛിന്നഗ്രഹങ്ങൾ തുടങ്ങിയ ക്ഷണികവും വേഗത്തിൽ സഞ്ചരിക്കുന്നതുമായ വസ്തുക്കളെയാണ് ഇത് പ്രധാനമായും നിരീക്ഷിക്കുന്നത്. ബെൽജിയം സെന്റർ സ്പേഷ്യൽ ഡി ലീജും അഡ്വാൻസ്ഡ് മെക്കാനിക്കൽ ആൻഡ് ഒപ്ടിക്കൽ സിസ്റ്റംസ് കോർപ്പറേഷനും ചേർന്നാണ് ഇത് രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്നത്.
ഇന്ത്യ, ബെൽജിയം, കാനഡ എന്നീ രാജ്യങ്ങിൽ നിന്നുള്ള ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞരാണ് ഇത് നിർമിച്ചത്. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ആര്യഭട്ട റിസർച്ച് ഇൻസിറ്റിറ്റ്യൂട്ട് ഒഫ് ഒബ്സർവേഷണൽ സയൻസസിന്റെ (എ ആർ ഐ ഇ എസ്) ദേവ്സ്ഥൽ ഒബ്സർവേറ്ററി ക്യാമ്പസിലാണ് ഇത് സ്ഥാപിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2450 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥാപിക്കുന്നത്.

ഈ വർഷം ഓക്ടോബർ മാസത്തോട് കൂടി ഈ ടെലിസ്കോപ്പ് പ്രവർത്തനക്ഷമമാകും. അടുത്ത അഞ്ച് വർഷം ഇത് പുർണതോതിൽ പ്രവർത്തിക്കും. എന്നാൽ ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജുലായ്, ഓഗസ്റ്റ് മാസങ്ങളിൽ ടെലിസ്കോപ്പിനെ പ്രവർത്തിപ്പിക്കില്ല.
ഇത് കൂടാതെ രണ്ട് ദൂരദർശിനികൾ കൂടി എ ആർ ഐ ഇ എസിലുണ്ട്. 3.6 മീറ്റർ ദേവസ്ഥൽ ഒപ്ടിക്കൽ ടെലിസ്കോപ്, 1.3 മീറ്റർ ദേവസ്ഥൽ ഫാസ്റ്റ് ഒപ്ടിക്കൽ ടെലിസ്കോപ് എന്നിവയാണ് മറ്റ് രണ്ടെണ്ണം.

പ്രതിഫലന പ്രതലത്തിൽ കണ്ണാടിയ്ക്ക് പകരം ദ്രാവക രൂപത്തിലുള്ള മെർക്കുറിയാണ് ഇതിൽ ഉപയോഗിക്കുന്നത്. ആകാശ നിരീക്ഷണത്തിന് കണ്ണാടികൾ ഉപയോഗിക്കുന്ന ദൂരദർശിനികൾക്ക് ചില പരിമിതികളുണ്ട്. അന്തരീക്ഷ താപനില, ഗുരുത്വാകർഷണം തുടങ്ങിയ ഘടകങ്ങൾ ഇതിൽ നിന്ന് ലഭിക്കുന്ന ചിത്രങ്ങളിൽ ചില വ്യതിയാനങ്ങൾ വരുത്തും.
ഇത് പരിഹരിക്കാൻ ചില സെൻസറുകൾ അതിൽ ഘടിപ്പിക്കേണ്ടതുണ്ട്. സെൻസറുകൾ സ്ഥാപിക്കുന്നത് വലിയ ചെലവുള്ള കാര്യമാണ്. എന്നാൽ കണ്ണാടിയ്ക്ക് പകരം മെർക്കുറി ഉപയോഗിക്കുമ്പോൾ താപനില പോലുള്ള മറ്റ് ഘടകങ്ങൾ നിരീക്ഷണത്തെ ബാധിക്കില്ല. അതിനാൽ തന്നെ സെൻസറുകൾ സ്ഥാപിക്കേണ്ടതില്ല. ആ ചിലവ് കുറയ്ക്കാൻ ഇത്തരം ദൂരദർശിനികൾക്ക് കഴിയും. ഇത് തന്നെയാണ് സാധാരണ ദൂരദർശിനികളിൽ നിന്ന് ഇതിനെ മാറ്റി നിറുത്തുന്നതും.