
കൊച്ചി: കേരളത്തിന്റെ മനസ് മതേതരത്വത്തിനൊപ്പമെന്ന് തെളിയിക്കുന്നതാണ് തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം. വോട്ടിന് വേണ്ടി ഒരു വര്‍ഗീയവാദിയുടെയും തിണ്ണ നിരങ്ങില്ലെന്ന് യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരു തവണയല്ല പലതവണ ഇതേനിലപാട് ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ സമീപകാലത്തൊന്നും ഒരു നേതാവും കാണിക്കാത്ത ധൈര്യമാണ് ഇക്കാര്യത്തില്‍ വി ഡി സതീശന്‍ കാണിച്ചത്.
അതേസമയം, സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന വിളിപ്പേരില്‍ വര്‍ഗീയതയെ താലോലിച്ച് ജാതിമത ധൂവ്രീകരണം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം നേതാക്കളും സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പ്രചരണാവസാനം വരെ ശ്രമിച്ചത്. എല്ലാ ഘട്ടത്തിലും അവര്‍ കേരളത്തിന്റെ മതേതര മനസിനെയും പൊതുബോധത്തെയും വെല്ലുവിളിക്കാനും ശ്രമിച്ചു.
പി സി ജോര്‍ജിന്റെ അറസ്റ്റ് നാടകമടക്കം വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള സര്‍ക്കാരിന്റെ തിരക്കഥയായിരുന്നു. സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത എഫ് ഐ ആറില്‍ ജോര്‍ജിനെതിരെ ഉന്നയിച്ച കുറ്റകൃത്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മജിസ്ട്രേറ്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്തെന്ന് വരുത്തിത്തീര്‍ത്ത് ജോര്‍ജിന് തിരുവനന്തപുരം വരെ സ്വന്തം വാഹനത്തില്‍ സഞ്ചരിക്കാനും സംഘപരിവാര്‍ സ്വീകരണം ഏറ്റുവാങ്ങാനും സൗകര്യമൊരുക്കി നല്‍കുകയായിരുന്നു സര്‍ക്കാര്‍. കോടതിക്ക് പുറത്തും തൃക്കാക്കരയിലും പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചപ്പോഴും സര്‍ക്കാര്‍ മൗനം പാലിച്ചു. ഇതേ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയാണ് ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യം നടക്കുമ്പോള്‍ മുന്‍ മന്ത്രിയെ വിട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പി ഐയുടെയും വോട്ട് കിട്ടാനുള്ള ചര്‍ച്ച നടത്തിയത്. വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് കൊലവിളി മുദ്രാവാക്യം വിളിക്കാന്‍ അനുമതി നല്‍കിയതും എല്‍ ഡി എഫ് സര്‍ക്കാരാണ്.
ഇത്തരത്തില്‍ കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമമായിരുന്നു എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ നടത്തിയത്. അങ്ങനെയുള്ള തിരഞ്ഞെടുപ്പിലാണ് ഉമ തോമസിന്റെ വിജയം. ജാതിക്കും മതത്തിനുമല്ല, ധീരമായ നിലപാടുകള്‍ക്കും മുറുകെപിടിക്കുന്ന മൂല്യങ്ങള്‍ക്കും ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനുമാണ് വോട്ടുള്ളതെന്ന് തെളിയിക്കുന്നതാണ് ഈ ജനവിധി. അതുകൊണ്ടുതന്നെ മതേതര കേരളത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഉമ തോമസ് നേടിയ 25016 വോട്ടിന്റെ ഭൂരിപക്ഷം. ഒപ്പം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് ഉയര്‍ത്തിപിടിച്ച മതേതര നിലപാടിനുള്ള അംഗീകാരവും. വരാനിരിക്കുന്ന കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിര്‍ണായക ചലനങ്ങളുണ്ടാക്കുതാകും യു ഡിഎഫിന്റെ ഈ നിലാപടെന്നകാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല.
പിണറായി വിജയന്‍ സര്‍ക്കാരിനുള്ള ജനങ്ങളുടെ താക്കീത്
ഒരു വര്‍ഷം ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിന് ജനം നല്‍കിയിരിക്കുന്ന ശക്തമായ താക്കീതാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം. സെഞ്ച്വറി അടിച്ചാകും ഒന്നാം വാര്‍ഷികം ആഘോഷിക്കുകയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ മോഹങ്ങള്‍ക്ക് അടിച്ചിരിക്കുന്നതാകട്ടെ ഇഞ്ച്വറിയും. വെറും തോല്‍വിയല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി പറഞ്ഞതുപോലെ സി പി എമ്മിനെ ചെണ്ടകൊട്ടി തോല്‍പ്പിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍. വിലക്കയറ്റമടക്കം ജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുപ്പോഴാണ് ഉത്തരവാദിത്തങ്ങള്‍ വലിച്ചെറിഞ്ഞ് മന്ത്രിസഭ ഒന്നാകെ തൃക്കാക്കരയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയതും വീടുകള്‍ കയറി മോഹന വാഗ്ദ്ധാനങ്ങള്‍ നല്‍കിയതും.
വികസനം ചര്‍ച്ച ചെയ്യാമെന്ന യു ഡിഎഫിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രചരണത്തിന്റെ ഒരു ഘട്ടത്തിലും തയാറായില്ല. ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ മുഖ്യമന്ത്രിയാകട്ടെ ധൈര്യം കാട്ടിയുമില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നുവെന്നതിന്റെ പേരില്‍ യു ഡിഎഫിനെ വികസന വിരോധികളായി ചിത്രീകരിക്കാനാണ് തുടക്കം മുതല്‍ എല്‍ ഡി എഫ് ശ്രമിച്ചത്. എന്നാല്‍ നെടുമ്പാശേരി രാജ്യന്തര വിമാനത്താവളം, കലൂര്‍ സ്റ്റേഡിയം എന്നിവ അടക്കമുള്ള എറണാകുളം ജില്ലയില്‍ യു ഡി എഫ് കൊണ്ടുവന്ന ഒരുഡസനോളം വികസന പദ്ധതികള്‍ എണ്ണിപറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രചരണം. കോണ്‍ഗ്രസ് വികസനം ചര്‍ച്ചയാക്കാന്‍ ശ്രമിച്ചപ്പോള്‍ സി പി എം പലയാവര്‍ത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചു. അതൊന്നും ഏല്‍ക്കാതെ വന്നപ്പോള്‍ പിതൃത്വമില്ലാതെ പ്രചരിക്കപ്പെട്ട വ്യാജ വീഡിയോയുടെ പിന്നാലെ വിവാദങ്ങളുണ്ടാക്കി. ഇതടക്കം സി പി എമ്മിന്റെ ഇരട്ടത്താപ്പിനും ഏകാധിപത്യ ശൈലിക്കും ധാര്‍ഷ്ട്യത്തിനും ഏറ്റ പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലം.
കെ-റെയിലിന് ചങ്ങല വലിക്കാനുള്ള കാഹളം
ശമ്പളം കൊടുക്കാന്‍ പോലും കാശില്ലെങ്കിലും രണ്ട് ലക്ഷം കോടിയുടെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു പ്രചരണത്തിന്റെ തുടക്കത്തില്‍ എല്‍ ഡി എഫ്. കെ.റെയിലും തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്ന വെല്ലുവിളിയാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും വ്യവസായ മന്ത്രി പി രാജീവും നടത്തിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്‍ ഡി എഫ് കണ്‍വീനര്‍ നിലപാട് മാറ്റി. ജനങ്ങളെ സമീപിച്ചപ്പോള്‍ ജനരോഷം മനസ്സിലാക്കിയായിരിക്കണം നിലപാട് തിരുത്താന്‍ എല്‍ ഡി എഫ് തയ്യാറായത്. ജനം എതിരാണെന്നു ബോധ്യപ്പെട്ടതോടെ സര്‍ക്കാര്‍ കല്ലിടല്‍ നിര്‍ത്തിവച്ചു. ആര് സമരം ചെയ്താലും കല്ലിടല്‍ തുടരുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിറകോട്ട് പോകേണ്ടിയും വന്നു. എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാര്‍ഷ്ട്യവുമായി മുന്നോട്ടുപോയാല്‍ ശക്തമായ ജനരോക്ഷമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഉമ തോമസിന്റെ വിജയം. ജനവിധി മാനിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയെങ്കിലും പുന:പരിശോധന നടത്തുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
പുതിയ നേതൃത്വനുള്ള അംഗീകാരം
കെ സുധാകരനും, വി ഡി സതീശനും അടങ്ങുന്ന പുതിയ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ആദ്യ പരീക്ഷയായിരുന്നു തൃക്കാക്കര തിരഞ്ഞെടുപ്പ്. ആ പരീക്ഷയില്‍ പുതിയ നേതൃത്വം വിജയിച്ചിരിക്കുന്നു. വെറും വിജയമല്ല; തിളക്കമാര്‍ന്ന വിജയം. സാധാരണ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കെയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചുള്ള പ്രഖ്യാപനം വന്നു. ഇതടക്കം തുടക്കം മുതല്‍ അവസാനം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു.
പുതിയ നേതൃത്വം എല്ലാ ഘട്ടത്തിലും എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനകളും നടത്തി. പടലപ്പിണക്കങ്ങള്‍ മാറ്റിവച്ച് ,ഐക്യത്തോടും ഒരുമയോടും നീങ്ങി, ചിട്ടയായ പ്രവര്‍ത്തനം നടത്തിയാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. ഒപ്പം നിയമസഭ തിരഞ്ഞെടുപ്പിലേറ്റിയ തിരിച്ചടിയില്‍ മനോവീര്യം തകര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുതിയ ആവേശം പകരുന്നതാണ് തൃക്കാക്കരയിലെ ഈ വിജയം. പ്രധാന്യം മനസ്സിലാക്കി തൃക്കാക്കരയില്‍ ദിവസങ്ങളോളം തങ്ങി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതൃത്വത്തോടൊപ്പം ഈ വിജയത്തിന്റെ അവകാശികളാണ്.
തൃക്കാക്കര മോഡല്‍
ചിട്ടയായതും ശാസ്ത്രീയമായുമുള്ള പ്രവര്‍ത്തനമാണ് ഇത്തവണ യു ഡി എഫ് തൃക്കാക്കരയില്‍ നടത്തിയത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നത് വരെ അതുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏറെ മുൻപേ തന്നെ ബൂത്ത് തലം മുതല്‍ ശക്തമായ മുന്നൊരുക്കം നേതൃത്വം ആരംഭിച്ചിരുന്നു. എം എല്‍ എമാര്‍ അടക്കമുള്ളവര്‍ക്ക് മണ്ഡലങ്ങളുടെ ചുമതല നല്‍കി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ള പ്രമുഖ യു ഡി എഫ് നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ തുടങ്ങിയ യു ഡി എഫിന്റെ പ്രമുഖ നേതാക്കളും ജില്ലയില്‍ നിന്നുള്ള എം പിമാരായ ബെന്നി ബെഹ്നാനും ഹൈബി ഈഡനും അടക്കമുള്ള മുഴുവന്‍ എംപിമാരും എംഎല്‍എമാരും ഓരോ വീടുകള്‍ തോറും കയറിയതോടെ പ്രചരണ രംഗം കൂടുതല്‍ ആവേശത്തിലേക്ക് മാറി.
സ്ഥാനാര്‍ഥി പര്യടനത്തിലും വിവിധ മേഖലകളില്‍ പ്രമുഖ നേതാക്കള്‍ ഉമ തോമസിനൊപ്പം പങ്കെടുത്തു. അവസാന ലാപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ കൂടി എത്തിയതോടെ ആവേശവും ആത്മവിശ്വാസം ഇരട്ടിയായി. മോദിയും സര്‍ക്കാരുമുയര്‍ത്തുന്ന ഭരണകൂട ഫാസിസത്തിന്റെ ഇര ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി മുഖ്യമന്ത്രി പിണറായി വിജയനും മോദിക്കുമിടയിലെ രഹസ്യ പാക്കേജും ഗുജറാത്ത് വികസന മോഡല്‍ വികസനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങളും തുറന്നുകാട്ടി നടത്തിയ വാര്‍ത്താസമ്മേളനം ഇടതു ക്യാമ്പിന് അപ്രതീക്ഷത പ്രഹരമായി.
പ്രചരണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും യു ഡി എഫ് എല്‍ ഡി എഫ് മുന്നോട്ട് വച്ച അജണ്ടയ്ക്ക് പിന്നാലെ പോയുമില്ല. കള്ളവോട്ട് തടയാന്‍ തൃക്കാക്കരയില്‍ സ്വീകരിച്ച മുന്‍കരുതല്‍ മുമ്പൊരിക്കലും കോണ്‍ഗ്രസോ യു ഡി എഫോ സ്വീകരിക്കാത്തതാണ്. വോട്ടര്‍ പട്ടികയില്‍ സി പി എം വ്യാപകമായി ക്രമക്കേട് നടത്തി. ഇതിലൂടെ യു ഡി എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനായിരുന്നു ശ്രമം. ഏഴായിരത്തോളം പുതിയ വോട്ടുകള്‍ യു ഡി എഫ് ചേര്‍ത്തു. എന്നാല്‍ അതില്‍ മൂവായിരം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല.
161-ാം ബൂത്തില്‍ മാത്രം ദേശാഭിമാനി ലേഖകന്‍ രക്ഷകര്‍ത്താവായി അഞ്ച് വ്യാജവോട്ടുകളാണ് ചേര്‍ത്തിരിക്കുന്നത്. ഇത്തരം വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതിനു പിന്നാലെ മരിച്ച് പോയവരുടെയും വിദേശത്തുള്ളവരുടെയും പേരുകള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്ത വോട്ടര്‍ പട്ടിക യു ഡി എഫ് പോളിങ് ഏജന്റ്മാര്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് കൈമാറി. വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉണ്ടാക്കി കള്ളവോട്ട് ചെയ്യാന്‍ വന്ന സി പി എം പ്രവര്‍ത്തകനെ പിടികൂടിയത് അടക്കം ഇത്തരം മുന്‍കരുതല്‍ നടപടികളുടെ ഫലമായാണ്.
പി ടി തോമസിനുള്ള ആദരം
പ്രചരണത്തിലുടനീളം നിറസാന്നിധ്യമായി അന്തരിച്ച സമാജികന്‍ പി ടി തോമസിന്റെ ഓര്‍മ്മകളുണ്ടായിരുന്നു. പി ടി തോമസെന്ന കേരളരാഷ്ട്രീയത്തിലെ പകരം വയ്ക്കാനില്ലാത്ത നിലപാടിന്റെ രാജകുമാരന് തൃക്കാക്കര നല്‍കിയ അതേ സ്നേഹവായ്പുകള്‍ ഉമ തോമസിനും ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ മുന്നേറ്റം.
റെക്കോര്‍ഡ് ഭൂരിപക്ഷമാകട്ടെ തൃക്കാക്കരയുടെ ജനമനസുകള്‍ പി ടിക്കൊപ്പമാണെന്ന് തെളിയിക്കുന്നതും. പി ടി ഉയര്‍ത്തിയ മതേതര, പ്രകൃതി സ്‌നേഹ നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ ഉമ തോമസിന് ലഭിച്ച പിന്തുണ ഇതിന്റെയെല്ലാം നേര്‍സാക്ഷ്യമാണ്. ധീരമായി, മതേതര മൂല്യങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ട് തൃക്കാക്കരയില്‍ നേടിയ തിളക്കമാര്‍ന്ന വിജയം തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുംയു ഡി എഫിനും അന്തരിച്ച പി ടി തോമസിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം.
ബി എസ് ഷിജു 
(രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറാണ് ലേഖകൻ )