
കടുവ, കാപ്പ എന്നീ പൃഥ്വിരാജ് ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിങ്ക് പൊലീസ് എന്ന് പേരിട്ടു. നയൻതാര, സാമന്ത, വിദ്യ ബാലൻ ഇവരിൽ ഒരാളാകും ചിത്രത്തിലെ സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തെ അവതരിപ്പിക്കുക.
ശക്തമായ നായിക കഥാപാത്രമാണ് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ എത്തുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സുരേഷ് ഗോപി നായകനായി അഭിനയിച്ച ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് പിങ്ക് പൊലീസ്. ജി. ആർ. ഇന്ദുഗോപനാണ് രചന നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെയും അണിയറ പ്രവർത്തകരെയും ഉടൻ തീരുമാനിക്കും. 

തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമ്മാണം. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് പിങ്ക് പൊലീസ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന  'കാപ്പ' ആണ് ആദ്യ ചിത്രം. 
പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജുവാര്യർ, അന്ന ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാപ്പയുടെ ചിത്രീകരണം ഈ മാസം 24ന് തിരുവനന്തപുരത്ത് ആരംഭിക്കും. നവാഗതനായ ഡാർവിൻ കുര്യാക്കോസ്, ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രമാണ് രണ്ടാമത്തേത്. സെപ്തംബറിൽ ഇടുക്കിയിൽ ചിത്രീകരണം ആരംഭിക്കും.
നവാഗതനായ ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിർവഹിക്കുന്ന മമ്മൂട്ടി ചിത്രമാണ് തിയേറ്റർ ഒഫ് ഡ്രീംസിന്റെ മൂന്നാമത്തെ സംരംഭം. നിമിഷ് രവിയാണ് ഛായാഗ്രഹണം. ത്രില്ലർ ഗണത്തിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.