
ലക്നൗ: കാൺപൂരിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി വക്താവ് നൂപുർ ശർമ്മ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.
വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് മാർക്കറ്റിലെ കടകൾ അടച്ചിടണമെന്ന് പ്രദേശത്തെ മുസ്ലീം സംഘടനാ പ്രവർത്തകർ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഇതിനെ കച്ചവടക്കാർ എതിർത്തതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കല്ലേറും, ലാത്തിച്ചാർജും ഉൾപ്പെടെ നടന്നിരുന്നു. ഇതിൽ പൊലീസുകാർക്കുൾപ്പെടെ 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാൺപൂരിലെ പ്രാദേശിക മുസ്ലീം നേതാവും മൗലാന മുഹമ്മദ് ജൗഹർ അലി ഫാൻസ് അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ ഹയാത്ത് സഫർ ഹാഷ്മിയാണ് അക്രമത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറയുന്നു. കടകൾ അടച്ചിടണമെന്ന് ആഹ്വാനം ചെയ്തതും ഇയാളാണ്. ഹാഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് എസ് ഡി പി ഐയുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംഘടനയുമായി ബന്ധമുള്ള രേഖകളും പൊലീസ് കണ്ടെടുത്തു.
കാൺപൂരിലെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് ആകെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കണ്ടാലറിയാവുന്ന 1000 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ 29 പേരെ മാത്രമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതുവരെയുള്ള അറസ്റ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
അതിനാൽ തന്നെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചുവെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് കമ്മീഷണർ വിജയ് സിംഗ് മീണ വ്യക്തമാക്കി. കൂടുതൽ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടിവി സംവാദത്തിനിടെ നടത്തിയ പരാമർശത്തിൽ മുസ്ലീം സമുദായത്തിന്റെ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നൂപുർ ശർമ്മയ്ക്കെതിരെ മഹാരാഷ്ട്രയിൽ രണ്ട് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മത വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പരാമർശത്തിന് പിന്നാലെ ഇവർക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങൾ വഴി വധഭീഷണിയും ഉയരുന്നുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ അവർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.