
അഹമ്മദാബാദ് : കാമുകിക്കൊപ്പമുള്ള വീഡിയോ പുറത്തായതിന് പിന്നാലെ കോൺഗ്രസ് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഭരത്സിംഗ് സോളങ്കി രാഷ്ട്രീയത്തിൽ നിന്നും താത്കാലികമായി മാറി നിൽക്കാൻ തീരുമാനിച്ചു. കാമുകിക്കൊപ്പം സോളങ്കി കഴിയവേ ഇദ്ദേഹത്തിന്റെ ഭാര്യ രേഷ്മ പട്ടേൽ മുറിയുടെ വാതിൽ തുറന്ന് യുവതിയെ മർദ്ദിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. ഭാര്യയെ സോളങ്കി പിടിച്ചുമാറ്റുന്നതും കാണാം. എന്നാൽ ഭാര്യയുമായി താൻ അകന്നാണ് കഴിയുന്നതെന്നും, വിവാഹമോചനത്തിന് കേസ് നൽകിയിട്ടുണ്ടെന്നും പിന്നീട് കോൺഗ്രസ് നേതാവ് പ്രതികരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭരത്സിംഗ് സോളങ്കി കാമുകിക്കൊപ്പമുള്ള വീഡിയോ പുറത്ത് വന്നത്.
Carrying forward the legacy of Chacha Nehru ?🤔🙈
— Adv. Dhaval Nakhva (@dhaval8456) June 1, 2022
Gujarat congress leader #BharatSolankee caught red handed (with the girl half of his age). pic.twitter.com/Zyyl5MHq4r
വിവാദ വീഡിയോ പുറത്തായതോടെ ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ കോൺഗ്രസിന്റെ നില വീണ്ടും പരുങ്ങലിലായി. അടുത്തിടെ ഹാർദിക് പട്ടേൽ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നതും കോൺഗ്രസിനെ ക്ഷീണിപ്പിച്ചിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ രാഷ്ട്രീയത്തിൽ നിന്നും ഇടവേള എടുക്കുന്നതായി ഭരത്സിംഗ് സോളങ്കി അറിയിച്ചു. ഇക്കാര്യത്തിന് പാർട്ടി തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഇപ്പോൾ ഉന്നയിക്കുന്നത്. മന്ത്രവാദിയെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്താൻ ഭാര്യ തീരുമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു.
1999ലാണ് ഇദ്ദേഹം രേഷ്മ പട്ടേലിനെ വിവാഹം കഴിച്ചത്. എന്നാൽ വർഷങ്ങളായി തങ്ങൾ പിരിഞ്ഞിരിക്കുകയാണെന്നും തന്റെ വിവാഹമോചന ഹർജി ജൂൺ 15 ന് പരിഗണിക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. വിവാഹ മോചനത്തിന് ശേഷം ഇപ്പോൾ പുറത്തുവന്ന വീഡിയോയിലെ സ്ത്രീയെ താൻ വിവാഹം കഴിക്കുമെന്നും 68കാരനായ നേതാവ് അവകാശപ്പെട്ടു. തന്റെയും കോൺഗ്രസിന്റേയും പ്രതിച്ഛായ അപകീർത്തിപ്പെടുത്തി മുതലെടുക്കാനാണ് രേഷ്മ പട്ടേലിന്റെ ശ്രമമെന്നും കുറച്ച് മാസത്തേക്ക് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന് സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നേതാവ് പറഞ്ഞു.