jeeva-mohan

തിരുവനന്തപുരം: മൊബൈൽ ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനാവാത്തതിന്റെ പേരിൽ പ്ളസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജീവ മോഹനാണ് (16) കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.

അമിതമായ ഫോൺ ഉപയോഗം കാരണമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് വിശദീകരിക്കുന്ന മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. താൻ ഫോണിന് അടിമപ്പെട്ടു. ഉപയോഗം നിയന്ത്രിക്കാനാവുന്നില്ല. ഉറ്റ സുഹൃത്തുക്കളില്ല. ഇതു കാരണം പരീക്ഷകളിൽ മാർക്ക് കുറഞ്ഞുതുടങ്ങിയെന്നും കുറിപ്പിൽ പറയുന്നു.

പത്താം ക്ളാസ് പരീക്ഷയിൽ ജീവ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കരസ്ഥമാക്കിയിരുന്നു.വീട്ടിൽ മുറിയടച്ചിരുന്നു പഠിക്കുന്നതായിരുന്നു ജീവയുടെ പതിവ്. സംഭവദിവസം ഭക്ഷണം കഴിക്കുന്നതിനായി അനുജത്തി വന്ന് വിളിച്ചിട്ടും ജീവ വാതിൽ തുറന്നില്ല. ഒടുവിൽ അയൽക്കാരെത്തി ജനൽച്ചില്ല തകർത്ത് നോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ മുറിയുടെ വാതിൽത്തകർത്ത് ജീവയെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.അച്ഛൻ നേരത്തെ മരിച്ചു. അമ്മയും അനുജത്തിയും മുത്തശ്ശനും മുത്തശ്ശിയും അടങ്ങുന്നതായിരുന്നു ജീവയുടെ കുടുംബം.

അതേസമയം, സാധാരണ കാണുന്നതുപോലെ ഓൺലൈൻ സൗഹൃദങ്ങളോ ഗെയിം അഡിക്ഷനോ അമിതമായ സാമൂഹികമാദ്ധ്യമ ഉപയോഗമോ ജീവയ്ക്കില്ലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൊബൈൽ അഡിക്ഷനോടൊപ്പം പരീക്ഷയിൽ മാർക്ക് കുറഞ്ഞതും തുടർന്നുണ്ടായ വിഷാദവുമാകാം മരണകാരണമെന്ന് പൊലീസ് വിലയിരുത്തുന്നു. കൊറിയൻ ബാൻഡുകളുടെ യൂട്യൂബ് വീഡിയോകൾ ജീവ സ്ഥിരമായി കാണുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.