
തൃശൂർ: പ്രമുഖ പൊട്ടറ്റോ ചിപ്സ് ബ്രാൻഡായ ലെയ്സിന്റെ മാതൃ കമ്പനി പെപ്സികോയ്ക്ക് 85,000 രൂപ പിഴ ചുമത്തി തൃശൂർ ലീഗൽ മെട്രോളജി ഓഫീസ്. താൻ വാങ്ങിയ ലെയ്സ് പാക്കറ്റിലെ അളവിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് തൃശൂർ സ്വദേശിയും സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് എന്ന കൂട്ടായ്മയുടെ പ്രസിഡന്റുമായ പി ഡി ജയശങ്കറാണ് ലീഗൽ മെട്രോളജി ഓഫീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പാക്കറ്റിൽ കാണിച്ച അളവിനേക്കാൾ കുറവാണ് ഉള്ളിലെ ചിപ്സിന്റെ തൂക്കമെന്ന് കണ്ടെത്തിയതോടെയാണ് ഇദ്ദേഹം നിയമപരമായി നീങ്ങിയത്. പെപ്സികോ ഇന്ത്യ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡാണ് പിഴ ഒടുക്കേണ്ടത്.
പായ്ക്കറ്റിൽ 115 ഗ്രാം എന്ന് കാണിച്ചിട്ടുണ്ടെങ്കിലും അതിനേക്കാൾ വളരെ കുറവായിരുന്നു ഉള്ളിലെ ചിപ്സിന്റെ അളവ്. മൂന്ന് പായ്ക്കറ്റിന്റെ അളവുകളിലാണ് കൃത്രിമം കണ്ടെത്തിയത്. പരിശോധിച്ചപ്പോൾ ഒന്നിൽ 50.930 ഗ്രാമും രണ്ടാമത്തേതിൽ 72.730 ഗ്രാമും മൂന്നാമത്തേതിൽ 86.380 ഗ്രാമും മാത്രമാണ് കണ്ടെത്താനായത്. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥർ കാഞ്ഞാണിയിലെ സൂപ്പർ മാർക്കറ്റിലും പരിശോധന നടത്തി. അപ്പോഴും അളവിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് വകുപ്പ് നടപടിയിലേക്ക് നീങ്ങിയത്.
ലെയ്സിൽ ചിപ്സിനേക്കാളേറെ കാറ്റാണ് ഉള്ളതെന്ന ആക്ഷേപം ലോക വ്യാപകമായി തന്നെയുള്ളതാണ്. എന്നാൽ ഇതിന്റെ തൂക്കം നോക്കാനോ അളവിനെ പറ്റി പരാതി നൽകാനോ ആരും മുതിരാറില്ല. ഇത് കമ്പനി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ശരിയായ പരിശോധന നടത്താത്തതിനാൽ ഇന്ത്യയിലാണ് കമ്പനിയുടെ കള്ളക്കളി ഏറെ നടക്കുന്നത്. ലെയ്സ് മാത്രമല്ല പല പ്രമുഖ ബ്രാൻഡുകളുടെയും ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നത് കുറഞ്ഞ ഗുണനിലവാരത്തോടെയാണ് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.