
ചെന്നൈ: പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
എ മോനിഷ (16), ആർ പ്രിയദർശിനി (15), സഹോദരി ആർ ദിവ്യദർശിനി (10), എം നവനീത (18), കെ പ്രിയ (18), എസ് സാങ്‌വി (16), എം കുമുദ (18) എന്നിവരാണ് മരിച്ചത്. എല്ലാവരും കുച്ചിപ്പാളയം കുറുഞ്ഞിപ്പാഡി സ്വദേശികളാണെന്നാണ് വിവരം.
ഉച്ചയ്ക്ക് 12.45ഓടെയാണ് പെൺകുട്ടികൾ ചെക്ക് ഡാമിൽ കുളിക്കാനെത്തിയത്. ഇതിനിടെ കൂട്ടത്തിൽ പ്രായം കുറഞ്ഞവർ ചുഴിയിൽപ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് കുട്ടികൾ അപകടത്തിൽപ്പെടുകയായിരുന്നു. പിന്നാലെ അഗ്നിരക്ഷാസേനയെത്തിയാണ് ഏഴുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.