
കൊച്ചി: നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) ഓരോവർഷവും പുത്തൻ ഉയരംകുറിച്ച് മുന്നേറുന്ന ഇന്ത്യയ്ക്ക് നടപ്പു സാമ്പത്തികവർഷത്തെ (2022-23) അനൗദ്യോഗിക ലക്ഷ്യമായ പതിനായിരം കോടി ഡോളർ (7.76 ലക്ഷം കോടി രൂപ) നേടാനാകുമെന്ന് പ്രതീക്ഷ.
കൊവിഡ് താണ്ഡവമാടിയിട്ടും 2020-21ൽ 8,197 കോടി ഡോളറും 2021-22ൽ സർവകാല റെക്കാഡായ 8,357 കോടി ഡോളറും എഫ്.ഡി.ഐയായി ഇന്ത്യ നേടിയിരുന്നു. മൻമോഹൻ സിംഗ് സർക്കാരിന്റെ ആദ്യ ആറുവർഷക്കാലത്തും (2004-05 മുതൽ 2009-10വരെ) നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മൂന്നുവർഷക്കാലത്തും (2014-15 മുതൽ 2016-17 വരെ) ലഭിച്ച മൊത്തം നിക്ഷേപത്തിന് തുല്യമാണ് കഴിഞ്ഞ രണ്ടുവർഷക്കാലത്ത് ലഭിച്ചത്.
റഷ്യ-യുക്രെയിൻ യുദ്ധം, ക്രൂഡോയിൽ അടക്കം അവശ്യവസ്തുക്കളുടെ വൻ വിലക്കയറ്റം, നിയന്ത്രണാതീതമായ നാണയപ്പെരുപ്പം, ഉയരുന്ന പലിശനിരക്ക്, ജി.ഡി.പി തളർച്ച തുടങ്ങി വെല്ലുവിളികൾ ഒട്ടേറെയുള്ളത് വിദേശ നിക്ഷേപകരെ വലയ്ക്കുന്നുണ്ട്. എന്നാൽ, ജി.ഡി.പി വളർച്ച കഴിഞ്ഞവർഷം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞെങ്കിലും ലോകത്തെ ഏറ്റവുംവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി തുടരുന്ന ഇന്ത്യ വിദേശ നിക്ഷേപകർക്ക് അവഗണിക്കാനാവാത്ത സമ്പദ്ശക്തിയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ ആകർഷണങ്ങൾ
 കഴിഞ്ഞവർഷം ജി.ഡി.പി വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞെങ്കിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നിലനിറുത്തി.
 പുതിയ സ്റ്റാർട്ടപ്പുകളുടെ ഉദയം നിക്ഷേപകരെ ആകർഷിക്കുന്നു.
 ഒട്ടേറെ മേഖലകളിൽ ഇന്ത്യ ഓട്ടോമാറ്റിക് റൂട്ടിലൂടെ 100 ശതമാനം എഫ്.ഡി.ഐയ്ക്ക് അനുമതി നൽകി.
സംസ്ഥാനങ്ങൾക്കും വലിയപങ്ക്
നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ സംസ്ഥാനങ്ങൾക്കും നിർണായക പങ്കുണ്ട്. കഴിഞ്ഞവർഷം ഇന്ത്യയിലേക്കെത്തിയ എഫ്.ഡി.ഐയിൽ 38 ശതമാനവും നേടിയത് കർണാടകയാണെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. മഹാരാഷ്ട്ര (24 ശതമാനം), ഡൽഹി (14 ശതമാനം) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, ഹാർഡ്വെയർ, ഓട്ടോമൊബൈൽ, വിദ്യാഭ്യാസ മേഖലകളാണ് ഏറ്റവുമധികം എഫ്.ഡി.ഐ നേടുന്നത്. കഴിഞ്ഞവർഷം ഇന്ത്യയിൽ ഉദിച്ച 100 യുണീകോൺ കമ്പനികളിൽ 40 എണ്ണവും കർണാടകയിലായിരുന്നു. എഫ്.ഡി.ഐ ആകർഷിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾക്കും വലിയപങ്കുണ്ട്.
$12,000 കോടി
യുദ്ധം, നാണയപ്പെരുപ്പം തുടങ്ങിയ പ്രതിസന്ധികൾ തിരിച്ചടിയായില്ലെങ്കിൽ നടപ്പുവർഷം ഇന്ത്യ 10,000 കോടി ഡോളറും അടുത്തകൊല്ലം 12,000 കോടി ഡോളറും എഫ്.ഡി.ഐ നേടുമെന്നാണ് കരുതപ്പെടുന്നത്. മുൻവർഷങ്ങളിലെത്തിയ നിക്ഷേപം ഇങ്ങനെ:
(തുക കോടിയിൽ)
 2011-12 : $4,650
 2012-13 : $3,420
 2015-16 : $5,550
 2018-19 : $6,200
 2020-21 : $8,197
 2021-22 : $8,357