police-inspector

ഗുവാഹത്തി: തട്ടിപ്പുകേസിൽ പ്രതിശ്രുത വരനെ അറസ്റ്റുചെയ്ത് 'ലേഡി സിങ്കം' എന്നറിയപ്പെട്ട അസാം നാഗാവ് പൊലീസ് സബ് ഇൻസ്പെക്ടർ ജുൻമോനി രാഭയും അതേ കേസിൽ പിടിയിലായി.

48 മണിക്കൂറിലേറെ ചോദ്യം ചെയ്തശേഷമാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ജോലി, കരാർ തുടങ്ങിയവ വാഗ്‌ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ചതിനാണ് പ്രതിശ്രുത വരൻ പൊഗാഗിനെ രാഭ അറസ്റ്റു ചെയ്തത്. എന്നാൽ, ഇതിനുപിന്നാലെ രാഭയ്ക്കെതിരെയും ആരോപണം ഉയർന്നു. പൊഗാഗ്, രാഭയെ മുന്നിൽ നിറുത്തി സാമ്പത്തിക ഇടപാടുകൾ നടത്തുകയും കരാറുകാരെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർ‌ന്നാണ് രാഭയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

2021 ഒക്ടോബറിലാണ് പൊഗാഗുമായി രാഭയുടെ വിവാഹനിശ്ചയം നടന്നത്. ഈ വർഷം നവംബറിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. നേരത്തേ, ബിഹ്പുരിയാ എം.എൽ.എ അമിയ കുമാർ ഭൂയനുമായി രാഭ നടത്തിയ ഫോൺ സംഭാഷണം ചോർന്നതും വിവാദമായിരുന്നു.