murder

കൊച്ചി: പള്ളുരുത്തിയില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതി(61)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ധര്‍മനും ആക്രമണത്തിൽ കുത്തേറ്റു. പള്ളുരുത്തി സ്വദേശി ജയനാണ് വീട്ടിൽ കയറി സരസ്വതിയെ കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നാലെ പ്രതി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

തന്റെ ഭാര്യയെ കൊന്നതിന്റെ പ്രതികാരമായി ജയൻ അക്രമണം നടത്തിയെന്നാണ് വിവരം. ധര്‍മന്റെയും സരസ്വതിയുടെയും മകനായ മധു 2014-ല്‍ ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ സരസ്വതി മരിച്ചു. ഗുരുതരമായി പരിക്കേറ്റേ ധര്‍മനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മധു അടുത്തിടെ പരോളിൽ ഇറങ്ങിയിരുന്നു. കുറച്ചുനാൾ മുൻപ് ഇയാള്‍ ജയിലിലേക്ക് മടങ്ങുകയും ചെയ്‌തു.