
കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച. ആലുവ സ്വദേശിയും സ്വർണപണിക്കാരനുമായ സഞ്ജയുടെ വീട്ടിലാണ് ഇന്ന് ഉച്ചയോടെ സംഭവം നടന്നത്. സഞ്ജയയെയും ഭാര്യയെയും ബന്ധിയാക്കിയ നാലംഗ സംഘം 37.5 പവൻ സ്വർണവും 1,80,000 രൂപയും കവർന്നു.
വീട്ടിലെത്തിയ സംഘം മൊബൈൽ ഫോണിൽ വ്യാജ ഐ ഡി കാർഡുകളും കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം സംഘം വീട്ടുകാരെ എല്ലാം ഒരിടത്ത് പിടിച്ചിരുത്തി. തുടർന്നാണ് ഇവർ വീടിനകം മുഴുവൻ തെരഞ്ഞത്. പണവും സ്വർണവും കണ്ടെടുത്ത സംഘം സഞ്ജയിനെക്കൊണ്ട് നിരവധി പേപ്പറുകളിൽ ഒപ്പുവയ്പ്പിച്ചു. പിന്നാലെ ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ് തുടങ്ങിയ രേഖകളുമായി സംഘം സ്ഥലം വിട്ടു.
തങ്ങൾ വരുന്നതും കവർച്ച നടത്തുന്നതും വീട്ടിലെ സിസിടിവിയിൽ പതിഞ്ഞുവെന്ന് മനസിലാക്കിയ ഇവർ സി സി ടി വി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്കും കൈക്കലാക്കി. ഉദ്യോഗസ്ഥർ ആണെന്ന് വിശ്വസിപ്പിക്കുന്ന രീതിയിലാണ് ഇവർ പെരുമാറിയിരുന്നതെന്നും അതിനാൽ സംശയം തോന്നിയിരുന്നില്ലെന്നുമാണ് സഞ്ജയ് പറയുന്നത്. എന്നാൽ സംഘം വീട്ടിൽ നിന്ന പോയ ശേഷം ഇവർ നൽകിയ ഫോണിൽ വിളിച്ചപ്പോൾ തൃശൂരിലുള്ള ഒരു ചുമട്ടുതൊഴിലാളിയാണ് ഫോണെടുത്തത്. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസിലാക്കിയത്. പിന്നാലെ സഞ്ജയ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ സമീപത്തെ വീടുകളിലെയും കടകളിലെയും ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.