
ന്യൂഡൽഹി: ബ്രേക്കിംഗ് സംവിധാനത്തിലെ പ്രശ്‌നത്തെ തുടർന്ന് ആഗോളതലത്തിൽ 10 ലക്ഷത്തോളം പഴയ വാഹനങ്ങൾ തിരിച്ചുവിളിച്ച് പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡെസ്-ബെൻസ്. ജർമ്മൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (കെ.ബി.എ) ഇക്കാര്യം വ്യക്തമാക്കിയതെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
2004നും 2015നും മദ്ധ്യേനിർമ്മിച്ച എം.എൽ., ജി.എൽ സീരീസ് എസ്.യു.വി മോഡലുകളും ആർ-ക്ളാസ് ആഡംബര മിനിവാനുമാണ് തിരിച്ചുവിളിച്ചത്. ഇതിൽ 70,000 വാഹനങ്ങളും ജർമ്മനിയിൽ തന്നെയാണ്. ബ്രേക്ക് ബൂസ‌്റ്ററിലെ തകരാർ ബ്രേക്ക് പെഡലും ബ്രേക്കിംഗ് സംവിധാനവും തമ്മിലെ ബന്ധം തടസപ്പെടാൻ ഇടയാക്കിയേക്കുമെന്നും ഇതു പരിഹരിക്കാനാണ് വാഹനങ്ങൾ തിരികെവിളിച്ചതെന്നും കമ്പനി വ്യക്തമാക്കി. വാഹന ഉടമകളുമായി ബന്ധപ്പെട്ട് അതിവേഗം പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കും. അതുവരെ ഉപഭോക്താക്കൾ വാഹനം ഓടിക്കരുതെന്നും ബെൻസ് അഭ്യർത്ഥിച്ചിട്ടുണ്ട്.