
സ്വന്തമായി ഭൂമിയും അതിലൊരു വീടും സ്വപ്നമായി അവശേഷിക്കുമെന്ന് കരുതിയവർക്കു മുന്നിലേക്കാണ് യാഥാർത്ഥ്യബോധത്തിന്റെ കൈത്തിരിയുമായി സംസ്ഥാന സർക്കാർ എത്തിയത്. 2021 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ അരലക്ഷത്തിലേറെ കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റി മറ്റൊരു ചരിത്ര ദൗത്യംകൂടി നിർവഹിച്ച ചാരിതാർത്ഥ്യത്തിലാണ് റവന്യു വകുപ്പ്.
പട്ടയം എന്ന ജീവൽപ്രശ്നം
കൈവശമുള്ള ഭൂമിക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ മതിയായ രേഖകളില്ലാത്തതിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധിയാളുകളുണ്ട്. എത്രയോ കാലമായി പട്ടയത്തിനായി ഉഴലുന്നവരുടെ ദൈന്യതയും നമുക്ക് മുന്നിലുണ്ട്. കുടിയാന് കൈവശഭൂമിയിൽ സ്ഥിരത നൽകുക, കുടികിടപ്പുകാരന് അവകാശം സ്ഥാപിച്ച് നൽകുക, ഭൂപരിധി നിർണയിക്കുന്നതിലൂടെ കണ്ടെത്തുന്ന ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുക എന്നിവയായിരുന്നു ഭൂപരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ലാൻഡ് ട്രിബ്യൂണലുകളിൽ തീർപ്പാക്കാതെയുള്ള 1,27,242 കേസുകൾ ഉടനെ തീർപ്പാക്കുന്നതോടുകൂടി കുടിയായ്മ, കുടികിടപ്പ് എന്നീ അവകാശങ്ങൾ നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെടും. ഈ സർക്കാരിന്റെ കാലത്തുതന്നെ ഇത്തരം കേസുകൾ പൂർത്തീകരിക്കാനാണ് നമ്മൾ ഉദ്ദേശിക്കുന്നത്. എന്നാൽ ഭൂപരിധിയുടെ അടിസ്ഥാനത്തിലുള്ള മിച്ചഭൂമി കണ്ടെത്താനുളള ശ്രമങ്ങൾ കുറച്ചുകൂടി ഗൗരവത്തോടെ തുടരേണ്ടതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്താദ്യമായി കേരളത്തിൽ യുണീക്ക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കിയത്.
എം.എൽ.എ ഡാഷ് ബോർഡ്
കേരളത്തിലെ ഉയർന്ന ജനസാന്ദ്രത, സവിശേഷ ഭൂഘടന, നിലനിന്നിരുന്ന ഭൂബന്ധങ്ങൾ എന്നിവ സുഗമമായ പട്ടയ വിതരണത്തിനുള്ള പ്രതിബന്ധങ്ങളാണ്. ഇത്തരം പ്രതിബന്ധങ്ങൾ തരണംചെയ്ത് പരമാവധി കുടുംബങ്ങളെ ഭൂവുടമകളാക്കാൻ വളരെ വിപുലമായ സജ്ജീകരണ ങ്ങളാണ് റെവന്യു വകുപ്പ് കൈകൊണ്ടിട്ടുള്ളത്. ഈ സർക്കാർ അധികാരമേറ്റ് ആദ്യനാളുകളിൽത്തന്നെ സംസ്ഥാനത്തെ മുഴുവൻ നിയമസഭാ സാമാജികരുടെയും യോഗം റവന്യു അസംബ്ലി എന്ന പേരിൽ വിളിച്ചുകൂട്ടുകയും ഓരോ നിയമസഭാ മണ്ഡലത്തിലുമുളള പട്ടയ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവ എം.എൽ.എ ഡാഷ് ബോർഡ് എന്ന ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തി പരിഹാരം കാണാൻ തീരുമാനിക്കുകയും ചെയ്തു. ഡാഷ് ബോർഡിലേക്ക് എല്ലാ നിയമസഭാ സാമാജികർക്കും ലോഗിൻ ഐ ഡിയും പാസ്വേഡും നൽകി. ഇതുവഴിഎം.എൽ.എമാർക്ക് അവരുടെ മണ്ഡലത്തിലെ പുരോഗതി ഓൺലൈനായി നിരീക്ഷിക്കാനാവും.
ഇ - പട്ടയവും ഡി.ജി ലോക്കറും
പട്ടയ അപേക്ഷകൾ ലഭിക്കുന്നതിനൊപ്പം നഷ്ടപ്പെട്ട പട്ടയ പകർപ്പിനു വേണ്ടിയുള്ള അപേക്ഷയുടെ ബാഹുല്യവും ഇ - പട്ടയം എന്ന ആശയത്തിലേക്ക് വഴിതെളിച്ചു. ഡിജിറ്റൽ ഒപ്പ്, ക്യൂ - ആർ കോഡ് എന്നിവ സഹിതം ഒരു പ്രത്യേക സോഫ്ട്വെയറിലൂടെ അനുവദിക്കപ്പെടുന്ന പട്ടയങ്ങൾ സെർവറിൽ ശേഖരിക്കപ്പെടുമെന്നതിനാൽ നഷ്ടപ്പെട്ടാലും
പകർപ്പ് അനായാസം വീണ്ടെടുക്കാം. കൂടാതെ ഏതൊരു അതോറിറ്റിക്കും പട്ടയത്തിലെ ക്യൂ - ആർ കോഡ് സ്കാൻ ചെയ്ത് അതിന്റെ ആധികാരികത ഉറപ്പാക്കാനും വ്യാജപട്ടയങ്ങൾ തടയാനും സാധിക്കും. ആധാർ അധിഷ്ഠിതമായി വിതരണം ചെയ്യുന്ന ഇ - പട്ടയങ്ങൾ ഡിജി ലോക്കറിൽ ശേഖരിക്കപ്പെടും എന്നതിനാൽ എവിടെ വെച്ചും എപ്പോൾ വേണമെങ്കിലും പട്ടയ പകർപ്പ് ലഭ്യമാക്കാനാകും എന്നതും ഒരാൾതന്നെ ഒന്നിലധികം പട്ടയങ്ങൾ നേടുന്നത് ഒഴിവാക്കാനാവും എന്നതും മേന്മകളാണ്. ഒരു വർഷത്തിനുള്ളിൽ 54345 പട്ടയങ്ങൾ വിതരണം ചെയ്ത് ചരിത്രനേട്ടം കൈവരിച്ചതിനു പിന്നിൽ റവന്യു വകുപ്പ് ജീവനക്കാരുടെ അക്ഷീണപരിശ്രമം എടുത്തു പറയേണ്ടതാണ്. പതിറ്റാണ്ടുകളായി വിവിധ നിയമ കുരുക്കുകളിൽപ്പെട്ട് തങ്ങൾക്ക് അപ്രാപ്യമെന്ന് കരുതിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഈ ഒരു വർഷത്തിനുള്ളിൽ പട്ടയം അനുവദിച്ചത്. വയനാട് ജില്ലയിൽ പ്യാരിസൺ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന തടസം മാറ്റിയതും അത്രതന്നെ പഴക്കമുളള നരിക്കൽ ഭൂമി പതിവ് വിഷയം പരിഹരിക്കാനായതും എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, നേര്യമംഗലം ഭാഗത്തെ കൈവശക്കാരുടെ 40 വർഷത്തിലേറെയുളള പട്ടയ വിഷയത്തിൽ പ്രത്യേക ഉത്തരവിലൂടെ പരിഹാരം കാണാനായതും ഇതിന് ഉദാഹരണങ്ങളാണ്. കൊല്ലം ജില്ലയിലെ പുനലൂരിൽ ദശാബ്ദങ്ങളായി പരിഹരിക്കപ്പെടാതിരുന്ന പുനലൂർ പേപ്പർ മില്ലിന്റെ മിച്ചഭൂമിയിൽ കുടിയേറിയിരുന്നവർക്ക് പട്ടയം കൊടുക്കാനായത് വലിയ നേട്ടമാണ്.
ആദിവാസി വിഭാഗത്തിൽപ്പെട്ട അർഹരായ മുഴുവൻ പേർക്കും ഭൂമിനല്കാനുള്ള പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന കൃത്യമായ ലക്ഷ്യത്തോടെ റവന്യു വകുപ്പ് കർമ്മപന്ഥാവിലാണ്. അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ മഹത്തായ ഈ നേട്ടം കൈവരിക്കാൻ ആവശ്യമായ പിന്തുണയും സഹകരണവും പ്രോത്സാഹനവുമായി വലിയസമൂഹം ഒപ്പമുള്ളതാണ് സർക്കാരിന്റെ ഊർജ്ജവും കരുത്തും.