
 
കൊവിഡ് വളരെയധികം ബാധിച്ചത് കുട്ടികളുടെ ജീവിതത്തെയാണ്. എന്തുകൊണ്ടാണ് സ്കൂളിൽ പോകാൻ കഴിയാത്തതെന്ന് പോലും പൂർണമായി മനസിലാക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു നമ്മുടെ കുട്ടികൾ. അവരിലെ സമ്മർദ്ദം കൂടി. സൈക്കോളജിസ്റ്റുകൾ കുട്ടികളിലെ കൊവിഡ് അനന്തര ഫലങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി പറയുന്നുണ്ട്.
കുട്ടികൾക്ക് രണ്ട് വർഷം സ്കൂളിൽ പോകാൻ കഴിഞ്ഞില്ല, കൂട്ടുകാരെ കാണാൻ കഴിഞ്ഞില്ല. പുറത്തേക്കുള്ള എല്ലാ യാത്രകളും അവസാനിച്ച് വീടുകളിൽ അവർ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവിച്ചു.
രണ്ടുവർഷത്തെ അടച്ചിരിപ്പിന് ശേഷം പുറത്തിറങ്ങുന്ന കുട്ടികളിൽ കൊവിഡാനന്തര പ്രശ്നങ്ങൾ കാണുന്നുണ്ട്. മൂന്ന് വയസ് മുതൽ ആറുവയസ് വരെയുള്ള കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾക്കുള്ള സാദ്ധ്യത കൂടുതലാണ്. ഏഴ് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾ ശാരീരികമായും മാനസികമായും നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവരുടെ ഉത്കണ്ഠ വർദ്ധിച്ചു, ആത്മവിശ്വാസം കുറഞ്ഞു, ശരിയായ ഉറക്കം നഷ്ടപ്പെട്ടു. ലോക്ക്ഡൗണിൽ പുറത്തേക്കുള്ള സഞ്ചാരം നിഷേധിക്കപ്പെട്ടതിനാൽ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട വിറ്റാമിൻ ഡിയുടെ അപര്യാപ്തത വളരെയധികം വർദ്ധിച്ചു. ശരീരഭാരം വർദ്ധിക്കാനോ കുറയാനോ തുടങ്ങി. അമിത ദേഷ്യം, വിഷാദം എന്നീ പ്രശ്നങ്ങളും വർദ്ധിച്ചിട്ടുണ്ട് .
പൊതുവെ ശാന്തരായിരുന്ന കുട്ടികൾ പോലും മാതാപിതാക്കളോട് കയർത്തു സംസാരിക്കാൻ തുടങ്ങി, ചെറിയ കാര്യങ്ങളിൽ വഴക്കുണ്ടാക്കുന്നു, സാമാന്യ മര്യാദകൾ മറന്നുപോയി. എപ്പോഴും ഒറ്റയ്ക്കിരിക്കാൻ താത്പര്യപ്പെടുന്നു. ആത്മവിശ്വാസക്കുറവ് മൂലം ആൺകുട്ടികൾ കൈകൾ പോക്കറ്റിലിട്ടു നടക്കുന്ന ശീലവും കാണുന്നുണ്ട്. കൊവിഡ് കാലം കുട്ടികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്. സ്കൂൾ തുറന്നശേഷവും അത്ര പെട്ടെന്ന് ഈ ശീലം കുറയാൻ ഇടയില്ല.
വീട്ടിലും സ്കൂളിലും ശ്രദ്ധിക്കാൻ
സ്കൂളും കോളേജും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ച സ്ഥിതിക്ക് മാതാപിതാക്കളും അദ്ധ്യാപകരും ചില കാര്യങ്ങളിൽ മുൻകരുതലുകളെടുക്കേണ്ടതാണ്.
കുട്ടികൾക്ക് വീട്ടിൽത്തന്നെ വ്യായാമത്തിനുള്ള അവസരവും പോഷകസമൃദ്ധമായ ഭക്ഷണവും ഉറപ്പാക്കണം. മൊബൈൽഫോണിന്റെയും ഇന്റർനെറ്റിന്റെയും അമിതോപയോഗം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ അവർക്ക് ബോദ്ധ്യപ്പെടുന്ന രീതിയിൽ പറഞ്ഞ് മനസിലാക്കുക. എന്നാൽ വളരെ കാർക്കശ്യത്തോടെ, ഇവയുടെ ഉപയോഗം കുട്ടികളിൽനിന്ന് പെട്ടെന്ന് പിഴുതു മാറ്റാൻ സാദ്ധ്യമല്ല. അങ്ങനെ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കുട്ടികളിൽ ഭയചിന്തകൾ മാറിയില്ലെങ്കിൽ സ്കൂൾ കൗൺസലർ കുട്ടിയുമായി സംസാരിച്ചു പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. സാധിച്ചില്ലെങ്കിൽ മനഃശാസ്ത്രജ്ഞന്റെ സഹായം തേടണം. കൊവിഡ് അനന്തരഫലങ്ങൾ സാരമായി ബാധിച്ചതിനാലും മറ്റ് കാരണങ്ങൾകൊണ്ടും 12,599 കുട്ടികളാണ് രാജ്യത്ത് 2021 യിൽ മാത്രം ആത്മഹത്യ ചെയ്തത്.
യോഗ, ധ്യാനം എന്നിവയ്ക്ക് സൗകര്യമൊരുക്കുന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാം. ഇതിനുള്ള സജ്ജീകരണങ്ങൾ സ്കൂളിലും വീട്ടിലും ഒരുക്കുക. പരമാവധി പരിസ്ഥിതിയുമായി ഇടപഴകുന്നത് മാനസികോല്ലാസം ഉറപ്പാക്കുന്നതിനൊപ്പം വിറ്റാമിൻ ഡിയുടെ അപര്യാപ്തത ഇല്ലാതാക്കാനും, കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കും.
കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാനും തിരികെ കൊണ്ടുവരാനും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാതെ പൊതുഗതാഗതം ഉപയോഗിക്കുക. സമൂഹവുമായി കൂടുതൽ ഇടപഴകാൻ ഈ മാർഗം സഹായിക്കും.
അടുത്ത മൂന്ന് നാല് മാസം കൂടുതൽ മാർക്ക് , ഉയർന്ന ഗ്രേഡ് എന്നീ നിബന്ധനകളുമായി കുട്ടികളിൽ സമ്മർദ്ദം ചെലുത്താതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.