
'ഒരു ഭൂമി മാത്രം" എന്ന പരിസ്ഥിതി ദിനത്തിന്റെ ആമുഖവാക്യം പ്രാവർത്തികമാക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. മനുഷ്യന്റെയും അവനേക്കാൾ മുമ്പേ ഭൂമിയുടെ അവകാശികളായിത്തീർന്ന സസ്യജാലത്തിന്റെയും പക്ഷിമൃഗാദികളുടെയും നിലനിൽപ്പിന് ഈ ഭൂമി മാത്രമേയുള്ളൂ. ഇതു തിരിച്ചറിഞ്ഞു ജീവിക്കേണ്ട ബാദ്ധ്യത മനുഷ്യന്റേതാണ്. കാരണം മറ്റുജീവജാലങ്ങളെല്ലാം അവയ്ക്കനുവദിക്കപ്പെട്ട പ്രവൃത്തികൾ മാത്രമേ ചെയ്യുന്നുള്ളൂ. മനുഷ്യനാകട്ടെ അനുമതിയില്ലാത്ത സകലതും ചെയ്തു ഭൂമിക്കു നിരന്തരം ഭീഷണിയാവുകയാണ്.
മണ്ണിനെക്കരുതിയും പക്ഷികളെക്കരുതിയും കറുകപ്പുല്ലു മുതൽ കാട്ടുമരങ്ങൾ വരെയുള്ള സസ്യജാലത്തെ കരുതിയുമാണ് നമ്മുടെ മുൻതലമുറ ജീവിച്ചത്. പണ്ടുള്ളവർ കാടുവെട്ടിയിട്ടേയില്ലേ എന്നു ചോദിക്കാം. സകല നഗരങ്ങളും കുടിയിടങ്ങളും പണിതുയർത്തിയത് അവിടത്തെ ജന്തുസസ്യജാലങ്ങളെ കൊന്നും വെട്ടിയൊഴിച്ചുമല്ലേ എന്നും ചോദിക്കാം. അതിനൊരുത്തരം പറയാനുണ്ട്. തലചായ്ക്കാനിടത്തിനു വേണ്ടി മാത്രമേ അവർ മണ്ണുതെളിച്ചെടുത്തിട്ടുള്ളൂ. ബാക്കി കൃഷിക്കായിത്തന്നെ മാറ്റിവച്ചു. വിറകിനുവേണ്ടത്ര മരങ്ങളേ മുറിച്ചുള്ളൂ. വിൽക്കാൻ വേണ്ടി കാടുവെളുപ്പിക്കണമെന്ന ദുരയുടെ പൈശാചിക ബുദ്ധി അവരെ ആവേശിച്ചിരുന്നില്ല. കൃഷിഭൂമിയെ കരഭൂമിയാക്കാൻ, അതിന്മേൽ സ്വാർത്ഥതാത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ അവർ തുനിഞ്ഞില്ല. അവർ ഭൂമിയെ ഒന്നായിക്കണ്ടു.
ഗ്രാമീണരിൽ ഗതികെട്ടവരും, ഭാഗ്യാന്വേഷികളും മണ്ണിന്റെ വിധി തിരുത്തുന്ന നഗരവത്കരണത്തിൽ പങ്കാളികളായി. പക്ഷേ അതൊരു ന്യൂനപക്ഷമായിരുന്നു. അധികാരം കൈയാളിയവരിൽ പലരും മണ്ണിനോട് ദയകാട്ടി. മനുഷ്യരുടെ എണ്ണം കൂടി. നഗരങ്ങൾ അതിന്റെ ധാർഷ്ട്യത്തിന്റെ കൈകൾനീട്ടി ഗ്രാമങ്ങളെ ഞെരിച്ചു സ്വന്തമാക്കി. ആർത്തി വർദ്ധിച്ചു.
മനുഷ്യൻ സർവാധിപതിയായെന്നു സാങ്കേതിക പുരോഗതി അവനെ വിശ്വസിപ്പിച്ചു. സകലതും എന്റേത് എന്ന തോന്നൽ ബലപ്പെട്ടു. കുന്നുകൾ സമതലങ്ങളാക്കിയും നദികളെ വരൾമൈതാനങ്ങളാക്കിയും താൻ നടത്തുന്ന പ്രവർത്തനങ്ങളെ ജൈത്രയാത്രയെന്നു മനുഷ്യൻ വിളിച്ചു.
വരാനിരിക്കുന്ന ദിനങ്ങളുടെ ഇരുട്ടറിയുന്നവർ മുന്നറിയിപ്പു നൽകിത്തുടങ്ങിയിട്ടു നാളേറെയായി. കേൾക്കുന്നുണ്ടു നാം. ബോധം ഉദിക്കുന്നുണ്ട് ചിലർക്കെങ്കിലും. എന്നാൽ കേൾക്കാത്തവരുമുണ്ട് ധാരാളം. ജീവിതത്തിന്റെ ആധാരങ്ങളായ പഞ്ചഭൂതങ്ങളെ ആദരവോടെ തിരിച്ചറിഞ്ഞിരുന്ന നാട്ടുപഴവൻമാരെ ഇടയ്ക്ക് ഓർക്കാം. മഹാഭാരതം പറഞ്ഞല്ലോ 'ഭൂമിയുടെ യൗവനം കഴിഞ്ഞെന്ന് " . അതു സംഭവിക്കാതിരിക്കാനും ഭൂമിയെ നിത്യഹരിത യൗവനയുക്തയാക്കാനും നാം ശ്രമിക്കണം.