nupur-sharma

ന്യൂഡൽഹി: ചാനൽ ചർച്ചക്കിടെ പ്രവാചക നിന്ദ നടത്തിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുൻ ബിജെപി വക്താവ് നുപുർ ശർമ്മ തന്റെ പ്രസ്താവന പിൻവലിച്ചു. പ്രവാചകനെ കുറിച്ച് താൻ നടത്തിയ പ്രസ്താവന നിരുപാധികം പിൻവലിക്കുന്നതായും തന്റെ വാക്കുകൾ ആരുടെയെങ്കിലും മതവികാരം വൃണപ്പെടുത്തണമെന്ന് ഉദ്ദേശിച്ച് കൊണ്ടായിരുന്നില്ലെന്നും നുപുർ ട്വിറ്ററിൽ കുറിച്ചു. താൻ ഏറെ നാളുകളായി ടിവി ചർച്ചകളിൽ പങ്കെടുക്കുന്നുണ്ടായിരുന്നെന്നും അവയിൽ മിക്കയിടത്തും മഹാദേവനെ അധിക്ഷേപിക്കുന്ന നിരവധി പ്രസ്താവനകൾ ഉയർന്നിരുന്നെന്നും ശിവലിംഗത്തെ വെറും ഒരു ജലധാരയായി കരുതണം എന്ന പരാമ‌ർശം വരെ ഉയർന്നിരുന്നതായും നുപുർ പറഞ്ഞു. ഇതിനെ തു‌ടർന്നാണ് താൻ ചില കാര്യങ്ങൾ പറയാൻ പ്രകോപിതയായതെന്നും നുപുർ തന്റെ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.

pic.twitter.com/Cl0aAqkwgN

— Nupur Sharma (@NupurSharmaBJP) June 5, 2022

ഗ്യാൻവാപി സംഘർഷവുമായി ബന്ധപ്പെട്ട് നടത്തിയ ടിവി ചർച്ചയിലായിരുന്നു നുപുറിന്റെ വിവാദ പ്രസ്താവന. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകളുടെ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോർട്ട്. തുടർന്ന് നുപുറിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കൂടാതെ പാർട്ടിയുടെ ഡൽഹി മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാളിനെയും സസ്പെൻഡ് ചെയ്തു. ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് മുഹമ്മദ് നബിയെക്കുറിച്ച് നുപുർ നടത്തിയ വിവാദ പരാമർശമാണ് യു പിയിലെ കാൺപൂരിൽ സംഘർഷം ഉടലെടുക്കാൻ കാരണം.

വിവിധ വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിനാലാണ് ചുമതലകളിൽ നിന്നും താൽക്കാലികമായി പുറത്താക്കുന്നതെന്ന് പാർട്ടി ഇരുവർക്കും അയച്ച കത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പാർട്ടിയുടെ അന്വേഷണവും നേരിടണം.

സംവാദത്തിനിടെ നടത്തിയ പരാമർശത്തിൽ മുസ്ലീം സമുദായത്തിന്റെ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നൂപുർ ശർമ്മയ്ക്കെതിരെ മഹാരാഷ്ട്രയിലും, പൂനെയിലും, മുംബയിലുമായി നിരവധി കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മത വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

പരാമർശത്തിന് പിന്നാലെ നുപുറിനെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങൾ വഴി വധഭീഷണിയും ഉയരുന്നുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ അവർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് മാർക്കറ്റിലെ കടകൾ അടച്ചിടണമെന്ന് പ്രദേശത്തെ മുസ്ലീം സംഘടനാ പ്രവർത്തകർ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഇതിനെ കച്ചവടക്കാർ എതിർത്തതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കല്ലേറും, ലാത്തിച്ചാർജും ഉൾപ്പെടെ നടന്നിരുന്നു. ഇതിൽ പൊലീസുകാർക്കുൾപ്പെടെ 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിൽ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.