
മോസ്കോ : അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും യുക്രെയിന് ദീർഘദൂര മിസൈലുകൾ നൽകിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സംഘർഷം നീട്ടിക്കൊണ്ടുപോകാനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നതെന്നും പുട്ടിൻ കുറ്റപ്പെടുത്തി.
റഷ്യൻ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പുട്ടിന്റെ പ്രതികരണം. യു.എസ് യുക്രെയിന് ദീർഘദൂര മിസൈലുകൾ നൽകിയാൽ ഇതുവരെ ലക്ഷ്യമാക്കിയിട്ടില്ലാത്ത പ്രദേശങ്ങളിലേക്കും തിരിച്ചടി വ്യാപിപ്പിക്കുമെന്ന് പുട്ടിൻ പറഞ്ഞു.
റഷ്യയ്ക്കുള്ളിലെ ലക്ഷ്യ സ്ഥാനങ്ങൾക്ക് മേൽ പ്രയോഗിക്കില്ല എന്ന ഉറപ്പിന്മേൽ യുക്രെയിന് 80 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം തകർക്കാൻ ശേഷിയുള്ള എം - 142 ഹൈ മൊബൈലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം നൽകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
അതേ സമയം, കീവിന്റെ പ്രാന്ത പ്രദേശത്തേക്ക് തങ്ങളുടെ എയറോസ്പേസ് ഫോഴ്സ് വിക്ഷേപിച്ച മിസൈലുകൾ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ യുക്രെയിന് സംഭാവന നൽകിയ ടി - 72 ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഈഗർ കൊനഷെൻകോവ് പറഞ്ഞു. കീവിൽ ഇന്നലെയുണ്ടായ ആക്രമണങ്ങളിൽ ഒരാൾക്ക് പരിക്കേറ്റെന്ന് മേയർ സ്ഥിരീകരിച്ചു.