india-qatar

ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നുപുർ ശർമ്മ പ്രവാചകനെ നിന്ദിച്ചതിലുള്ള പ്രതിഷേധം രാജ്യത്തിന് പുറത്തേക്കും നീളുന്നു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഖത്തർ ഭരണകൂടം തങ്ങളുടെ പ്രതിഷേധം നേരിട്ട് അറിയിച്ചു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ തന്നെ പ്രതിഷേധമെന്ന നിലയിൽ ഇത് വളരെ ഗൗരവമുള്ളതാണെന്നും ഇത്തരം പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പറഞ്ഞു. ഖത്തറിന് പുറമേ മറ്റൊരു ഗൾഫ് രാഷ്ട്രമായ ഒമാനിലും നുപുർ ശർമ്മയുടെ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധം ആളിപ്പടരുന്നുണ്ട്.

എന്നാൽ ബിജെപി വക്താവിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടല്ലെന്നും ചില വ്യക്തികൾ നടത്തുന്ന പ്രസ്താവനകളും ട്വീറ്റുകളും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇന്ത്യയുടെ ഖത്തർ അംബാസിഡർ ദീപക് മിത്തൽ വ്യക്തമാക്കി. 'നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പരാമ്പര്യം ഉയർത്തി പിടിച്ചാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നതെന്നും ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നുണ്ടെന്നും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ബന്ധപ്പെട്ട സംഘടനകൾ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ പൊതുനിലപാടായി കാണരുതെന്നും എംബസി വ്യക്തമാക്കി.

ഗ്യാൻവാപി സംഘർഷവുമായി ബന്ധപ്പെട്ട് നടത്തിയ ടിവി ചർച്ചയിലായിരുന്നു നുപുറിന്റെ വിവാദ പ്രസ്താവന. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകളുടെ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോർട്ട്. തുടർന്ന് നുപുറിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കൂടാതെ പാർട്ടിയുടെ ഡൽഹി മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാളിനെയും സസ്പെൻഡ് ചെയ്തു. ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് മുഹമ്മദ് നബിയെക്കുറിച്ച് നുപുർ നടത്തിയ വിവാദ പരാമർശമാണ് യു പിയിലെ കാൺപൂരിൽ സംഘർഷം ഉടലെടുക്കാൻ കാരണം.

വിവിധ വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിനാലാണ് ചുമതലകളിൽ നിന്നും താൽക്കാലികമായി പുറത്താക്കുന്നതെന്ന് പാർട്ടി ഇരുവർക്കും അയച്ച കത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പാർട്ടിയുടെ അന്വേഷണവും നേരിടണം.

സംവാദത്തിനിടെ നടത്തിയ പരാമർശത്തിൽ മുസ്ലീം സമുദായത്തിന്റെ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നൂപുർ ശർമ്മയ്ക്കെതിരെ മഹാരാഷ്ട്രയിലും, പൂനെയിലും, മുംബയിലുമായി നിരവധി കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മത വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

പരാമർശത്തിന് പിന്നാലെ നുപുറിനെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങൾ വഴി വധഭീഷണിയും ഉയരുന്നുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ അവർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് മാർക്കറ്റിലെ കടകൾ അടച്ചിടണമെന്ന് പ്രദേശത്തെ മുസ്ലീം സംഘടനാ പ്രവർത്തകർ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഇതിനെ കച്ചവടക്കാർ എതിർത്തതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കല്ലേറും, ലാത്തിച്ചാർജും ഉൾപ്പെടെ നടന്നിരുന്നു. ഇതിൽ പൊലീസുകാർക്കുൾപ്പെടെ 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിൽ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.