
സങ്കലനക്രിയയിൽ പൊതുവെ സങ്കീർണത കുറവാണെന്ന് പറയാം. സ്ഥാനവിലയിൽ ശ്രദ്ധചെലുത്തി  വലിയ പ്രയാസം കൂടാതെ സങ്കലനക്രിയ നിർവഹിക്കാം. ഗുണനം, ഹരണം, വർഗമൂലം, ഘനമൂലം തുടങ്ങിയ ക്രിയകൾ  ചെയ്യുമ്പോൾ എളുപ്പവഴികൾ ആവശ്യമായി വരും.
ഒരു സംഖ്യയെ 10 കൊണ്ട് ഗുണിക്കുന്നതിന് സംഖ്യയുടെ വലതുഭാഗത്ത് ഒരു പൂജ്യം ചേർത്താൽ മതി എന്ന എളുപ്പവഴി വളരെ പ്രചാരത്തിലുള്ളതാണല്ലോ. ഒടുവിൽ എത്ര പൂജ്യത്തിൽ അവസാനിക്കുന്ന സംഖ്യകൊണ്ടും ഗുണിക്കാൻ ഗുണ്യത്തിന്റെ വലതുവശത്ത് അത്രയും പൂജ്യങ്ങൾ ചേർത്താൽ മതി. ഒരു സംഖ്യയെ പത്തുകൊണ്ട് ഗുണിക്കുമ്പോൾ സംഖ്യയുടെ വലതുഭാഗത്ത് ഒരു പൂജ്യം ചേർക്കുക എന്നത് വളരെ പ്രശസ്തമായ ഒരു നിയമമാണെങ്കിലും പൂർണസംഖ്യക്ക് മാത്രമേ ഇത് ശരിയാവുകയുള്ളു എന്ന് പലരും ശ്രദ്ധിക്കാറില്ല. 16.5നെ പത്തുകൊണ്ട് ഗുണിച്ചാലുള്ള ഫലം 16.50 അല്ല എന്നു കാണാം. 16.5ഉം 16.50 ഉം തുല്യമായ സംഖ്യയാണ്. സംഖ്യയിൽ ദശാംശബിന്ദു ഉണ്ടെങ്കിൽ ഒടുവിൽ എത്ര പൂജ്യങ്ങൾ ചേർത്താലും ഗുണനമാവില്ല. എളുപ്പവഴി എന്ന നിലയിൽ ദശാംശബിന്ദു ഇടത്തേക്ക് മാറ്റുകയാണ് വേണ്ടത്. പക്ഷേ, ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ദശാംശബിന്ദു ഉള്ള സംഖ്യയെ 10 കൊണ്ട്  ഗുണിക്കുമ്പോൾ ദശാംശബിന്ദു അല്ല ഇടത്തേക്ക് മാറുന്നത്, സംഖ്യയിലെ അക്കങ്ങളാണ്. പ്രായോഗികമായി എളുപ്പവഴിയിൽ  ബിന്ദു നീങ്ങുന്നതായി ക്രിയചെയ്യാം. ഒരു രണ്ടക്കസംഖ്യയെ ഒരു ഒറ്റയക്കസംഖ്യകൊണ്ട് ഗുണിക്കണമെന്നിരിക്കട്ടെ. സാധാരണയായി ഗുണ്യത്തിലെ ഒറ്റയുടെ സ്ഥാനത്തെ അക്കത്തെയാണ് ഗുണകത്തിലെ സംഖ്യകൊണ്ട് ഗുണിക്കാറുള്ളത്. മനസിൽ ക്രിയചെയ്യുമ്പോൾ പലപ്പോഴും ഇതിനേക്കാൾ എളുപ്പം ഗുണ്യത്തിലെ പത്താം സ്ഥാനത്തെ അക്കംകൊണ്ട് ഗുണിക്കുന്നതായിരിക്കും. ഉദാഹരണമായി 36നെ 7 കൊണ്ട് ഗുണിക്കണമെന്നിരിക്കട്ടെ. ആദ്യം 6നെ 7 കൊണ്ട് ഗുണിച്ചാൽ ഫലം 42. ഒന്നാംസ്ഥാനത്ത് 2 ചേർക്കണം. പിന്നീട് 3നെ 7കൊണ്ട് ഗുണിക്കണം. നേരത്തെ ബാക്കിയുള്ള 4 ചേർക്കണം. ഇതിനുപകരം ആദ്യം 3-നെ 7കൊണ്ട് ഗുണിക്കുക. 3x7=21 മൂന്ന് എന്നത് പത്താംസ്ഥാനത്തെ അക്കമാണെന്ന് നമുക്കറിയാം. അപ്പോൾ 3 യഥാർത്ഥത്തിൽ 30 ആണ്. അപ്പോൾ നമ്മുടെ ഗുണനഫലം 210 ആണ്. ഇനി ഒറ്റയുടെ സ്ഥാനത്തെ അക്കങ്ങളായ 6ഉം 7ഉം ഗുണിക്കണം. ഇനി ഈ രണ്ട്  ഗുണനഫലങ്ങളുടെ തുക കാണുക. മനസിൽ ക്രിയ ചെയ്യുമ്പോൾ ആദ്യത്തേതിനേക്കാൾ എളുപ്പം ഈ രീതിയാണെന്ന് കാണാം. ഇതേപോലെ 56 x 8 = 50 x 8 +6 x 8 = 400 + 48 = 448 72 x 7 = 70 x 7 + 2 x 7 = 490 +14 = 504 83 x 8 = 80 x 8 + 3 x 8 = 640 + 24 = 664 5 കൊണ്ട് ഗുണിക്കുക ഒരു സംഖ്യയെ 5 കൊണ്ട് ഗുണിക്കാൻ ഒടുവിൽ ഒരു പൂജ്യം ചേർത്ത് അഥവാ പത്തുകൊണ്ട്  ഗുണിച്ച് 2 കൊണ്ട് ഹരിച്ചാൽ മതിയാകും. ഉദാഹരണമായി 426-നെ 5 കൊണ്ട് ഗുണിക്കണമെന്നിരിക്കട്ടെ. 426-ന്റെ ഒടുവിൽ പൂജ്യം ചേർത്താൽ 4260. 4260-നെ 2 കൊണ്ട് ഹരിച്ചാൽ ഫലം 2130 എന്ന് ലഭിക്കും. 426 x5 = 2130 ആണല്ലോ. (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് ലേഖകൻ)