
ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ റാങ്കുകൾ മൂന്ന് മിടുമിടുക്കികൾക്കായിരുന്നു. ചരിത്രം പ്രധാനവിഷയമായി പരീക്ഷ എഴുതി ഒന്നാം റാങ്ക് സ്വന്തമാക്കിയ യു.പി സ്വദേശി ശ്രുതി ശർമ്മ തന്റെ യാത്രയെ കുറിച്ച് സംസാരിക്കുന്നു.
എന്തുകൊണ്ട് സിവിൽ സർവീസ്?
ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.സാധാരണയിലും സാധാരണക്കാർക്ക് എന്തെങ്കിലും ചെയ്‌തു കൊടുക്കാൻ കഴിയണമെന്നത് പഠിക്കുന്ന കാലം മുതലേയുള്ള ചിന്തയായിരുന്നു. ആ ചിന്ത പരുവപ്പെട്ടാണ് ഇന്നത്തെ ഒന്നാം റാങ്കായത്. സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അവരുടെ വിദ്യാഭ്യാസവും വളരെ പ്രധാനമായി തോന്നുന്നു.
പഠനരീതികൾ?
ജാമിയ മിലിയ കോച്ചിംഗ് സെന്ററിൽ നാലുവർഷമായി പരിശീലനം നടത്തുന്നു.എങ്കിലും കോച്ചിംഗ് സെന്ററുകളിൽ നിന്നുള്ള കുറിപ്പുകളെ കൂടുതലായി ആശ്രയിച്ചിട്ടില്ല.പത്രം വായിച്ച് എന്റെ സ്വന്തം കുറിപ്പുകൾ തയ്യാറാക്കിയാണ് പഠിച്ചത്.എൻ.സി.ഇ.ആർ.ടി പുസ്‌തകങ്ങളെ ആശ്രയിച്ചു.
വിജയമന്ത്രം?
വളരെയധികം കഠിനാദ്ധ്വാനവും ക്ഷമയും ആവശ്യമുണ്ട്. എനിക്ക് മുന്നോട്ട് തന്നെ പോകണമായിരുന്നു.നിങ്ങൾ നിങ്ങളുടേതായ ഒരു ലക്ഷ്യം നിശ്ചയിക്കുക.സ്വന്തം വഴിയിൽ ആ ലക്ഷ്യത്തിലേക്കെത്താൻ പരിശ്രമിക്കുക.സ്ഥിരത നിലനിറുത്തുന്നതും സമയം മാനേജ്ചെയ്യുന്നതും പ്രധാനപ്പെട്ട പാഠങ്ങളാണ്.
പരാജയങ്ങൾ പഠിപ്പിച്ചത്?
ആദ്യത്തെ പരിശ്രമത്തിൽ ഒരൊറ്റ മാർക്കിനായിരുന്നു അഭിമുഖത്തിനുള്ള അവസരം നഷ്‌ടപ്പെട്ടത്. അതുകൊണ്ടു തന്നെ രണ്ടാത്തെ തവണ പരിശ്രമം കുറച്ചു കൂടെ കഠിനമാക്കി. എന്റെ ഭാഷയിൽ പിഴവുണ്ടായിരുന്നെന്ന് മനസിലാക്കി കുറച്ചു കൂടുതൽ സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുത്തു. അത് എന്നെ ഒരുപാട് സഹായിച്ചു. പ്രചോദിപ്പിക്കുന്ന ഒരുപറ്റം ആളുകളും നമുക്കൊപ്പം വേണം.
മറ്റു ഇഷ്‌ടങ്ങൾ?
എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ആളല്ല ഞാൻ. ഞാൻ പഠനത്തിനപ്പുറമുള്ള പുസ്‌തകങ്ങൾ വായിക്കാറുണ്ട്. അതെനിക്ക് സന്തോഷമുള്ള കാര്യമാണ്. കവിതകൾ വായിക്കും. വിരസത തോന്നുമ്പോൾ ഒന്നു നടക്കാനും പോകാറുണ്ട്. സോഷ്യൽ മീഡിയ ഉപയോഗവും വളരെ കരുതലോടെയാണ്.
അഭിമുഖത്തെ കുറിച്ച്?
പലതവണ മോക്ക് ഇന്റർവ്യൂ എടുത്തിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ, ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ എനിക്ക് കഴിഞ്ഞില്ല. അതിൽ പ്രയാസമുണ്ടായിരുന്നു. ഒടുവിൽ റിസൽട്ട് വന്നപ്പോൾ ആ വേദന സന്തോഷമായി മാറി.