
തിരുവനന്തപുരം: പശ്ചിമഘട്ടവും അറേബ്യൻ കടലും അതിരിടുന്ന കേരളത്തിന്റെ ജൈവസമ്പത്തിനെ തകർക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ എന്ന് സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മുൻ ചെയർമാൻ ഉമ്മൻ വി. ഉമ്മൻ പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി 200 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 38,864 സ്‌ക്വയർ കിലോമീറ്റർ മാത്രമുള്ള ഭൂപ്രദേശത്തിന്റെ ആവാസവ്യവസ്ഥയെയാണ് പദ്ധതി നശിപ്പിക്കുന്നത്. സിൽവർ ലൈൻ പദ്ധതി നടപ്പായാൽ പ്രകൃതിക്ഷോഭങ്ങളുടെ പരമ്പര തന്നെ കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ ഭൂമിയും അതിന്റെ ആവാസവ്യവസ്ഥയും മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഈ ഭൂമി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ലെന്ന ഓർമ്മ ഓരോരുത്തർക്കും ഉണ്ടാകണം.
ആർ. ശങ്കർ സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ഉമ്മൻ വി. ഉമ്മനും പാലോട് രവിയും വൃക്ഷത്തൈ നട്ടു. ഉമ്മൻ വി. ഉമ്മനെ പൊന്നാട ചാർത്തി പാലോട് രവി ആദരിച്ചു. ടി. ശരത്ചന്ദ്രപ്രസാദ്, ചെമ്പഴന്തി അനിൽ, ശബരീനാഥ്, വനോദ് സെൻ, ആർ. ഹരികുമാർ, ശ്രീകണ്‌ഠൻനായർ, കൈമനം പ്രഭാകരൻ, കുടപ്പനക്കുന്ന് സുഭാഷ്, കടകംപള്ളി ഹരിദാസ്, ഹലീൽ റഹ്‌മാൻ, പ്രേംജി തുടങ്ങിയവർ സംസാരിച്ചു.