police

ആലപ്പുഴ: ഹരിപ്പാട് ചേപ്പാട് പഞ്ചായത്ത് ഒമ്പതാം വാർഡിലെ ചാമ്പക്കണ്ടം പട്ടികജാതി കോളനിയിൽ പട്രോളിംഗിനിടെ കോളനിവാസികളും കരീലക്കുളങ്ങര പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒൻപത് പേർക്ക് പരിക്ക്. പൊലീസുകാരും കോളനിവാസികളും ഉൾപ്പെടെയാണിത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

സുഹൃത്തുമായി വീടിന് സമീപം നിന്ന അനുരാജ് എന്ന യുവാവിനെ പട്രോളിംഗ് സംഘം ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് കോളനിവാസികൾ പറയുന്നത്. വീടിന് മുന്നിലാണ് നിൽക്കുന്നതെന്ന് പറഞ്ഞപ്പോൾ പൊലീസ് കയർത്തെന്നും വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തുവെന്നും യുവാവ് പറയുന്നു. അനുരാജിനെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോകാനൊരുങ്ങിയപ്പോൾ മാതാവായ രാഗിണി തടസം പിടിക്കാനെത്തി. ബഹളംകേട്ട് അനുരാജിന്റെ പിതൃസഹോദരന്റെ മക്കളായ ശ്രുതി, ശരത്ബാബു, അജിത് ബാബു ബന്ധുവായ വിശ്വപ്രസാദ് എന്നിവരടക്കം അവിടേയ്ക്കെത്തിയതോടെ സംഘർഷമായി.

തന്നെയും അമ്മയെയും പൊലീസ് തള്ളി താഴെയിട്ടുവെന്നും വലിച്ചിഴച്ചുവെന്നും സംഭവത്തിൽ പരിക്കേറ്റ് ഹരിപ്പാട് താലൂക്കാശുപത്രിയിൽ കഴിയുന്ന ശ്രുതി പറഞ്ഞു. അനുരാജും രാഗിണിയും ഇവിടെ ചികിത്സയിലാണ്. അതേസമയം, പൊലീസ് വീട്ടിൽക്കയറി മർദ്ദിച്ചെന്നാരോപിച്ച് ഇവർ പരാതി നൽകി.

പൊലീസ് പറയുന്നത്
കോളനിക്ക് സമീപത്തെ കണ്ണമ്പള്ളി ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നതിനാൽ പട്രോളിംഗ് കർശനമാക്കിയിരിക്കുകയായിരുന്നുവെന്നും ഈ സമയം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ ചോദ്യം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കോളനിയിൽ പൊലീസിന് കയറാൻ എന്ത് അധികാരമാണെന്ന് ചോദിച്ച് കയർത്തവരുടെ വാഹനത്തിന്റെ നമ്പർ എഴുതിയെടുത്തു. എന്നാൽ സ്കൂട്ടറിന്റെ താക്കോൽ ഉൗരിയെടുത്തുവെന്നാരോപിച്ച് ഇവർ പൊലീസ് ജീപ്പ് തടയുകയും താക്കോൽ എടുത്തുകൊണ്ടുപോകുകയും അഞ്ചോളം പൊലീസുകാരെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കായംകുളം ഡി.വൈ.എസ്.പിയുടെ നേത്യത്വത്തിൽ കൂടുതൽ പൊലീസ് എത്തി ശരത് ബാബു, അജിത് ബാബു, വിശ്വ പ്രസാദ് എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എട്ടോളം പേർക്കെതിരെ കേസെടുത്തു.