
കൊച്ചി യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിലായിരുന്ന വിജയ് ബാബുവിനെ സഹായിച്ച നൻ സൈജു കുറുപ്പ് ഉൾപ്പെടെ നാലുപേരെ പൊലീസ് ചോദ്യം ചെയ്തു.  ദുബായിൽ ഒളിവിലായിരുന്ന വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയതിനാണ് സൈജു കുറുപ്പിനെ ചോദ്യം ചെയ്തത്.  ചോദ്യം ചെയ്ത് മറ്റു മൂന്നുപേരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. അതേസമയം വിജയ് ബാബുവിന്റെ ഭാര്യ തന്നുവിട്ട ക്രെഡിറ്റ് കാർഡ് വിജയ് ബാബുവിന് നൽകുകയാിരുന്നു എന്നാണ് സൈജു കുറുപ്പ് പ്രതികരിച്ചത്. പീഡനകേസിന് മുൻപാണിതെന്നുമാണ് നടൻ അവകാശപ്പെടുന്നത്.
പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് സഹായിച്ചതെങ്കിൽ സൈജുവിനെ കേസിൽ പ്രതിചേർത്തേക്കും. സാക്ഷികളുടെ മൊഴിയെടുക്കൽ പൂർത്തിയായാൽ വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും.
കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനിൽ വിജയ് ബാബുവിന്റെ അടുത്ത ബന്ധു എത്തിച്ച കാർഡുകൾ സൈജു നെടുമ്പാശേരി വഴി ദുബായിൽ നേരിട്ടെത്തി കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. ഒളിവിൽ കഴിയാൻ പണം ആവശ്യമുള്ളതിനാലാകാം വിജയ് ബാബു നടന്റെ സഹായം തേടിയതെന്നാണ് പൊലീസ് കരുതുന്നത്. ഈ ക്രെഡിറ്റ് കാർഡ് വഴി നടത്തിയ പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വിജയ് ബാബുവിന്റെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. അവ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫോറൻസിക് റിപ്പോർട്ട് ഈ മാസം അവസാനം ലഭിക്കും. 
നിലവിൽ സാക്ഷികളായ 30 പേരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. പ്രമുഖ ഗായകനും ഭാര്യയും കേസിലെ സുപ്രധാന സാക്ഷികളാണ്. ഇവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. വിജയ്ബാബു യുവതിയുമായി കൊച്ചിയിലെ ഹോട്ടലിൽ എത്തിയതിന് ഇവർ സാക്ഷികളാണ്.