iran

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ബിജെപി നേതാക്കൾ സംസാരിച്ച വിഷയത്തിൽ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ. ഏറ്റവുമൊടുവിലായി ഇറാൻ ആണ് ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിവാദ പരാമർശത്തിൽ നിലപാടറിയിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇന്ത്യൻ സ്ഥാനപതി പ്രവാചകൻ മുഹമ്മദ് നബിയ്‌ക്കെതിരായ ഏതെങ്കിലും തരത്തിലെ അവഹേളനം സർക്കാർ അംഗീകരിക്കില്ലെന്ന് ടെഹ്‌റാനിൽ നടന്ന കൂടിക്കാഴ്‌ചയിൽ അറിയിച്ചു. ബിജെപി നേതാവിന്റെ അഭിപ്രായം എല്ലാ മതങ്ങളോടും അങ്ങേയറ്റം ആദരവ് പുലർത്തുന്ന ഇന്ത്യൻ സർക്കാരിന്റെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ല.

അതേസമയം പ്രവാചക നിന്ദ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത പ്രതിഷേധം സൂചിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്വിറ്ററിൽ കുറിപ്പിട്ടു. ബിജെപി നേതാവിന്റെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നതായി കുറിച്ച ഷെഹബാസ്, മോദിയുടെ കീഴിൽ ഇന്ത്യ മത സ്വാതന്ത്യത്തിനെ ചവിട്ടിമെതിക്കുകയും മുസ്ളീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ചു. ലോകരാജ്യങ്ങൾ ഇന്ത്യയെ കഠിനമായി ശാസിക്കണമെന്നും ഷരീഫ് ആവശ്യപ്പെട്ടു.

I condemn in strongest possible words hurtful comments of India's BJP leader about our beloved Prophet (PBUH). Have said it repeatedly India under Modi is trampling religious freedoms & persecuting Muslims. World should take note & severely reprimand India. Our love for the >

— Shehbaz Sharif (@CMShehbaz) June 5, 2022

ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഖത്തർ ഭരണകൂടം തങ്ങളുടെ പ്രതിഷേധം നേരിട്ട് അറിയിച്ചു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ തന്നെ പ്രതിഷേധമെന്ന നിലയിൽ ഇത് വളരെ ഗൗരവമുള്ളതാണെന്നും ഇത്തരം പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പറഞ്ഞു. ഖത്തറിന് പുറമേ മറ്റൊരു ഗൾഫ് രാഷ്ട്രമായ ഒമാനിലും നുപുർ ശർമ്മയുടെ പ്രസ്താവനയ്‌ക്കെതിരായ പ്രതിഷേധം ആളിപ്പടരുന്നുണ്ട്.

എന്നാൽ ബിജെപി വക്താവിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടല്ലെന്നും ചില വ്യക്തികൾ നടത്തുന്ന പ്രസ്താവനകളും ട്വീറ്റുകളും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇന്ത്യയുടെ ഖത്തർ അംബാസിഡർ ദീപക് മിത്തൽ വ്യക്തമാക്കി. 'നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പാരമ്പര്യം ഉയർത്തി പിടിച്ചാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നതെന്നും ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നുണ്ടെന്നും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ബന്ധപ്പെട്ട സംഘടനകൾ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ പൊതുനിലപാടായി കാണരുതെന്നും എംബസി വ്യക്തമാക്കി.