ksrtc

തിരുവനന്തപുരം: മുൻപുണ്ടാക്കിയ കരാർ പ്രകാരം അഞ്ചാംതീയതിയായിട്ടും ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌ആർടിസി ആസ്ഥാനത്ത് ഇന്നുമുതൽ ജീവനക്കാരുടെ സംഘടനകൾ സമരം ആരംഭിക്കും. ബസ് സർവീസുകളൊന്നും മുടങ്ങാതെയാണ് സമരം നടത്തുകയെന്ന് സംഘടനകൾ അറിയിച്ചു.

സിഐടിയുവും, ഐഎൻടിയുസി പിന്തുണയ്‌ക്കുന്ന ടിഡിഎഫുമാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് ഓഫീസിന് മുന്നിലെ സിഐടിയു സംഘടന കെഎസ്‌ആ‌ർടിസി എംപ്ളോയീസ് അസോസിയേഷന്റെ സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്. ടിഡിഎഫിന്റെ സമരം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.

ബിഎംഎസിന്റെ അനിശ്ചിതകാല ധർണ സെക്രട്ടറിയേറ്റിന് മുന്നിലും കെഎസ്ആർ‌ടിസിയുടെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും നടക്കും. 200 കോടി പ്രതിമാസ വരുമാനം ലഭിച്ചും ശമ്പള വിതരണം വൈകുന്നതാണ് സംഘനടകളെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിലും 20 ദിവസത്തോളം വൈകിയാണ് ശമ്പള വിതരണം നടന്നത്.ഡീസൽ ചെലവ്, കൺസോർഷ്യം വായ്പാ തിരിച്ചടവ്, കഴിഞ്ഞമാസം ശമ്പളം നൽകാനെടുത്ത 46 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് തിരിച്ചടച്ചടവ് എന്നിവയെല്ലാം വന്നതോടെ കളക്ഷൻ വരുമാനം തീർന്നുവെന്ന് അധികൃതർ പറയുന്നു.

ശമ്പളം ഉൾപ്പെടെ 250 കോടി രൂപ കോ‌ർപറേഷന് പ്രതിമാസം ചിലവുണ്ട്. സർക്കാരിൽ നിന്നും 65 കോടി ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഒരുറപ്പും കിട്ടിയിട്ടില്ല. എത്ര കിട്ടും, എന്ന് കിട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും ശമ്പള വിതരണമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.ശമ്പളം നൽകാൻ 80 കോടിയോളം രൂപ വേണം. ഓവർഡ്രാഫ്റ്റ് വഴി പരമാവധി 45 കോടി രൂപ സമാഹരിക്കാൻ കഴിയും. ഇതിനിടയിൽ ഭരണാനുകൂല സംഘടനകളടക്കം സമരമാരംഭിക്കുന്നത് മാനേജ്‌മെന്റിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്‌